‘വഴിയിൽ കാണുന്നവരോടെല്ലാം ചിരിച്ച് കൊണ്ട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു, വല്ലാത്തൊരു വിധിയായിപ്പോയി’; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച കമലയ്ക്ക് വിട നൽകി നാട്


നാദാപുരം: മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മ ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമലയ്ക്ക് വിട നൽകി നാട്. വഴിയിൽ കാണുന്നവരോടെല്ലാം ചിരിച്ച് കൊണ്ട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു കമലേച്ചിയെന്ന് വാർഡം​ഗം വസന്ത വടകര ഡോട് ന്യൂസിനോട് പറഞ്ഞു. വല്ലാത്തൊരു വിധിയായിപ്പോയി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ബന്ധുക്കളോട് ചോദിച്ചെന്നും മെമ്പർ പറയുന്നു.

ചപ്പു ചവറുകളും പഴയ ഓലക്കെട്ടുകളും കൂട്ടിയിട്ട് കത്തിക്കുമ്പോൾ തീ പെട്ടെന്ന് ദേഹത്തേക്ക് ആളിപ്പടരുകയായിരുന്നു. ശരീരത്തിൽ തീപ്പിടിച്ചപ്പോൾ നിലവിളിച്ചോടി. വീട്ടിൽ പെയിന്റു പണി നടക്കുന്നതിനാൽ ജോലിക്കാരുണ്ടായിരുന്നു. ഇവരുടെയെല്ലാം ശബ്ദംകേട്ടെത്തിയ സഹോദരന്റെ മകൻ പെട്ടെന്ന് നനഞ്ഞ ചാക്ക് കൊണ്ട് ദേഹം പൊതിഞ്ഞ് പിടിച്ച് തീ അണച്ചു. ഉടൻ എല്ലാവരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്ന് മെമ്പർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

നാല് ദിവസങ്ങൾക്ക് മുൻപാണ് അപകടം ഉണ്ടായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു മരിച്ചത്. മൃതദേഹം വൈകീട്ട് 4 മണിയോടെ സംസ്ക്കരിച്ചു. ഭർത്താവ്: കുഞ്ഞിരാമൻ
മകൾ: സുനിത.
മരുമകൻ: അജയൻ.