നാളെ ഭാരതബന്ദ്; കേരളത്തിലും ഹർത്താൽ ആചരിക്കുമെന്ന് ആദിവാസി-ദലിത് സംഘടനകൾ, വയനാട് ജില്ലയെ ഒഴിവാക്കി


തിരുവനന്തപുരം: നാളെ ഭാരതബന്ദ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെ വേർതിരിച്ച്‌ സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആർമിയും വിവിധ ദലിത് -ബഹുജൻ പ്രസ്ഥാനങ്ങളുമാണ് ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.

സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാൻ പാർലമെൻറ് നിയമനിർമാണം നടത്തുക, വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപരിധി ഉൾപ്പെടെ എല്ലാത്തരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ്‌.സി, എസ്.ടി ലിസ്റ്റ് ഒമ്പതാം പട്ടികയിൽപെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. സമഗ്ര ജാതി സെൻസസ് ദേശീയതലത്തിൽ നടത്തണമെന്നും ആവശ്യപ്പെട്ടു.

ഇതിന്റെ ഭാഗമായി കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദലിത് സംഘടനകളും അറിയിച്ചിട്ടുണ്ട്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കേരളത്തിൽ പൊതുഗതാഗതത്തെയും സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർനത്തെയും ബാധിക്കില്ല. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, എം സി എഫ്, വിടുതലൈ ചിരിതൈഗൾ കച്ഛി, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്.

Description: Bharat Bandh tomorrow; Adivasi-Dalit organizations said hartal will be observed in Kerala too, excluding Wayanad district