മടപ്പള്ളി അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരമഹോത്സവം; പൂക്കലശം വരവും വെടിക്കെട്ടും ഇന്ന്, പൂരനഗരിയിലേക്ക് എത്തുക ആയിരക്കണക്കിന് ജനങ്ങൾ
വടകര: ഉത്തരകേരളത്തിലെ പ്രശസ്ത ക്ഷേത്രോത്സവങ്ങളിൽ ഒന്നായ അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരമഹോത്സവം കാണാൻ ഇന്ന് ആയിരക്കണക്കിന് ജനങ്ങളെത്തും. ഒരു നാടിന്റെ ഒരുവർഷത്തെ കാത്തിരിപ്പാണ് പൂരം നാളിലെ ആറാം പൂവ് ദിവസം. ആറാം പൂവ് ദിവസമായ ഇന്നാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. പൂക്കലശം വരവും തുടർന്നുള്ള വെടിക്കെട്ടും കാണാനെത്തുന്ന പൂരപ്രേമികളെ കൊണ്ട് കടപ്പുറം നിറയും.
ഉച്ചയ്ക്ക് രണ്ടുമുതൽ പ്രാദേശിക അടിയറവരവുകൾ ക്ഷേത്രത്തിലെത്തും. വൈകുന്നേരം അഞ്ച് മണിക്ക് വടകരയിൽ നിന്നുള്ള ഭണ്ഡാരംവരവ്, ഏഴിന് ഫിഷറീസ് എൽപി സ്കൂൾ പരിസരത്തുനിന്നുള്ള താലംവരവ്. ഒൻപതിന് എഴുന്നള്ളിപ്പ്, 10 മണിക്ക് പാലെഴുന്നള്ളിപ്പ് എന്നിവയും നടക്കും. രാത്രി 11.30-നും 12.30-നും ഇടയിലാണ് ഇളനീരാട്ടം.

12.45-ന് പാലക്കൂൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ നിന്നുള്ള പൂക്കലശം വരവ്. തുടർന്ന് വമ്പിച്ച കരിമരുന്നു പ്രയോഗം. പുലർച്ചെ 3.30-നും അഞ്ചുമണിക്കുമിടയിൽ തർപ്പണം. തുടർന്ന് രണ്ടാമത്തെ വമ്പിച്ച കരിമരുന്നുപ്രയോഗവും നടക്കും. ഒൻപതിന് രാവിലെ 8.30-ന് താലപ്പൊലി 11 മണിക്കും 12 മണിക്കും ഇടയിൽ ആറാട്ടെഴുന്നള്ളിപ്പും ആറാട്ടും. തുടർന്ന് കൊടിയിറക്കം.