വേനൽ കടുക്കുന്നു; ഹോട്ടലുകളിൽ നിന്നും കടകളിൽ നിന്നും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കുക
കോഴിക്കോട്: വേനൽ കടുക്കുമ്പോൾ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. ശീതള പാനീയങ്ങൾ വിൽക്കുന്ന വഴിയോരക്കടകൾ കൂണുപോലെ പൊന്തുകയാണ്. ഇത്തരം കടകളിൽ നിന്ന് വെള്ളമടക്കം വാങ്ങി കഴിക്കുന്നവർ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കൂടാതെ ഹോട്ടലുകളിൽ നിന്നും കടകളിൽ നിന്നും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നവരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
തട്ടുകടകളിലും വഴിയോര ലഘുഭക്ഷണ ശാലകളിലും നൽകുന്ന ‘തിളപ്പിച്ചാറ്റിയ” വെള്ളം വിശ്വസിച്ച് കുടിക്കാനാവില്ല. തിളച്ച വെള്ളത്തിൽ അതിന്റെ ഇരട്ടി പച്ചവെള്ളം കലർത്തിയാണ് മിക്കയിടങ്ങളിലും നൽകുന്നത്. ഇതുമൂലം അണുക്കൾ നശിക്കുന്നില്ല. പലരും വഴിയോരത്തെയും മറ്റും കിണറുകളിൽ നിന്നും പൊതുടാപ്പുകളിൽ നിന്നും നേരിട്ട് വെള്ളം ശേഖരിക്കുകയാണ് പതിവ്. ഇവ ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളും വൃത്തിയുള്ളതാവണമെന്നില്ല.

നാരങ്ങ വെള്ളവും, കുലുക്കി സർബത്തും തണ്ണിമത്തൻ ജ്യൂസും, ഇളനീരുമൊക്കെയായി നിരവധി കടകളാണ് റോഡരികുകളിൽ സ്ഥാനമുറപ്പിച്ചത്. മിക്ക കടകളിലും എപ്പോഴും തിരക്കാണ്. ഇത്തരം വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവരിൽ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ ഉണ്ടാകാനും സാദ്ധ്യതയേറെയാണ്.
ഹോട്ടലുകളിലും തട്ടുകടകളിലും ശീതളപാനീയ കടകളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനം അപര്യാപ്തമാണ്.കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടരാൻ സാദ്ധ്യതയുള്ളതിനാൽ ശുദ്ധജലം മാത്രം ഉപയോഗിക്കാൻ ജനംശ്രദ്ധിക്കണമെന്നും വ്യാജൻമാർക്കെതിരെ ജാഗ്രതവേണമെന്നും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.