സംസ്ഥാനത്ത് നാളെ സമ്പൂർണ്ണ ഡ്രൈ ഡേ; ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കില്ല
കോഴിക്കോട്: സംസ്ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ ആചരിക്കും. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു പ്രവർത്തിക്കില്ല. ലോക ലഹരി വിരുദ്ധ ദിനം ആയതിനാലാണ് നാളെ മദ്യവിൽപനയ്ക്ക് അവധി നൽകിയിരിക്കുന്നത്.
നാളെ ബിവറേജസ് ഷോപ്പുകളും ബാറുകളും പ്രവർത്തിക്കില്ലെന്ന സന്ദേശങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഞായറാഴ്ച ആയതിനാൽ നാളെ കൂടുതൽ മദ്യവിൽപന നടക്കേണ്ട ദിവസമാണ്. നാളെ അവധി ആയതിനാൽ ബിവറേജസ് ഷോപ്പുകളിലും ബാറുകളിലും ഇന്ന് നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.
എല്ലാ വർഷവും ജൂൺ 26 നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ 1987 ഡിസംബറിൽ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയാണ് തീരുമാനിച്ചത്. മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലോക ലഹരി വിരുദ്ധദിനം ആചരിക്കുന്നത്.