വിലകുഞ്ഞ മദ്യം കിട്ടാനില്ലെന്ന പരാതിക്ക് പരിഹാരമാകുന്നു; ജനപ്രിയ ബ്രാന്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ മലബാര്‍ ബ്രാന്‍ഡിയുമായി സര്‍ക്കാര്‍: ജവാന്‍ റമ്മിന്റെ ഉല്‍പാദനം ഉയര്‍ത്താനും തീരുമാനം


കോഴിക്കോട്: ബവ്‌കോയുടെ മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ വില കുറഞ്ഞ ബ്രാന്റുകള്‍ക്ക് ക്ഷാമം എന്ന പരാതിയ്ക്ക് പരിഹാരം കാണാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. ബവ്‌കോയിലെ മദ്യകമ്പനികളുടെ കുത്തക തര്‍ക്കാന്‍ വര്‍ഷങ്ങളായി പൂട്ടികിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്ന് ‘മലബാര്‍ ബ്രാന്‍ഡി’ എന്ന ബ്രാന്‍ഡിലുള്ള മദ്യം ഉല്‍പാദിപ്പിക്കാനാണ് തീരുമാനം. കൂടാതെ ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ റമ്മിന്റെ ഉല്‍പ്പാദനം ഉയര്‍ത്താനും തീരുമാനമായി.

പൂട്ടികിടക്കുന്ന മലബാര്‍ ഡിസ്റ്റലറിയില്‍ നിന്നാകും ബ്രാന്‍ഡി ഉല്‍പാദനം ആരംഭിക്കുന്നത്. ഒരു മാസത്തിനകം തറക്കില്ലിട്ട് ആറ് മാസത്തിനുള്ളില്‍ ഉല്‍പ്പാദനം ആരംഭിക്കാനാണ് തീരുമാനം. പരമാവധി മദ്യം ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കും.

കൂടാതെ ജവാന്‍ റമ്മിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കും. നിലവില്‍ ഒരു ലിറ്റര്‍ ജവാന്‍ ഉത്പാദിപ്പിക്കുമ്പോള്‍ നഷ്ടം 3.5 രൂപയാണ്. ഇതിനാല്‍ ഉല്‍പ്പാദനം കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ വില കുറഞ്ഞ മദ്യം ലഭിക്കാത്തതിനാലാണ് ഉല്‍പ്പാദനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ 63000 ലീറ്റര്‍ ജവാന്‍ മദ്യമാണ് നിലവില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇത് 1,40000 ലീറ്റര്‍ ആയി ഉയര്‍ത്താനാണ് ശ്രമം.

സംസ്ഥാനത്ത് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് ബെവ്കോ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ജവാന്‍ റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ്കോ എം.ഡി.യുടെ ശുപാര്‍ശ. ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് വില. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

പുതിയ എംഡി ചുമതല ഏറ്റെടുത്തതിന് ശേഷമാണ് ഇത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായത്.