മുടി കൊഴിച്ചിൽ അലട്ടുന്നുണ്ടോ? മുടി വേഗം വളരാനും ശിരോചർമം വൃത്തിയാക്കാനും വീട്ടിലുണ്ടാക്കാം ഹെയർ സ്ക്രബ്…


ലമുടിയെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണു നമ്മളിൽ പലരും. മറ്റുള്ളവരുടെ കരുത്തുറ്റ മുടി നോക്കി ഇതു പോലെ എനിക്കും മുടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടില്ലേ? എങ്കിൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് ഹെയർ സ്ക്രബുകളുടെ ഉപയോഗം.

മുടി വളരാൻ എന്തു വിദ്യ വേണമെങ്കിലും ഉപയോഗിക്കാം. എന്നാൽ ഫലം കാണണമെങ്കിൽ ശിരോചർമത്തിൽ അവ എത്തിയെന്ന് ഉറപ്പാക്കണം. അതിന് ആദ്യം വേണ്ടത് നല്ലൊരു ഹെയർ സ്ക്രബ് ആണ്. മുടിയുടെ വളർച്ചയെ തടയുന്ന, സ്കാൽപ്പിൽ അടിഞ്ഞുകൂടിയ എണ്ണയും താരനും മൃതകോശങ്ങളും മാറ്റി ശിരോചർമത്തെ ആരോഗ്യകരമായി സൂക്ഷിക്കാൻ ഹെയർ സ്ക്രബ് സഹായിക്കും. മാർക്കറ്റിൽ ലഭിക്കുന്ന കെമിക്കൽ ഉത്പന്നങ്ങളും വാങ്ങേണ്ട, പാർലറുകളും സന്ദർശിക്കേണ്ട. വൃത്തിയും ആരോഗ്യവുമുള്ള സ്കാൽപ് വീട്ടിലിരുന്ന് നമുക്കു സ്വന്തമാക്കാം. ഇതാ ചില മികച്ച ഹെയർ സ്ക്രബുകൾ.

∙ ഹണി കോക്കനട്ട് ഓയിൽ സ്ക്രബ്

അണുബാധയിൽനിന്നു സ്കാൽപ്പിനെ സംരക്ഷിക്കുകയും തലമുടിയുടെ വളർച്ചയ്ക്കു സഹായിക്കുകയും ചെയ്യുന്ന സ്ക്രബ് ആണിത്.

നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, മുക്കാൽകപ്പ് പഞ്ചസാര, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ, 5–10 തുള്ളി പെപ്പർമിന്റ് ഓയിൽ എന്നിവ യോജിപ്പിച്ചു തലയിൽ പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം.

∙ ഓട്സ് ബ്രൗൺ ഷുഗർ സ്ക്രബ്

രണ്ടു ടേബിൾ സ്പൂൺ നന്നായി പൊടിച്ച ഓട്സ്, രണ്ടു ടേബിൾ സ്പൂൺ ബ്രൗൺ ഷുഗർ എന്നിവ രണ്ടു ടേബിൾ സ്പൂൺ ഹെയർ കണ്ടീഷണറുമായി യോജിപ്പിച്ചു തലയിൽ പുരട്ടുക. ചെറുതായി മസാജ് ചെയ്യുക. 5 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഈ സ്ക്രബ് രക്തയോട്ടം വർധിപ്പിക്കുകയും മുടിവളർച്ചയെ വേഗത്തിലാക്കുകയും ചെയ്യുന്നു.

∙ ഹിമാലയൻ‌/ സീ സാൾട്ട് അവക്കാഡോ സ്ക്രബ്

ഒരു ടീ സ്പൂൺ വീതം വെളിച്ചെണ്ണ, അവക്കാഡോ ഓയിൽ, പഞ്ചസാര, ഹിമാലയൻ/ സീ സാൾട്ട് എന്നിവ യോജിപ്പിച്ചു തലയിൽ പുരട്ടുക. അൽപനേരം മൃദുവായി മസാജ് ചെയ്യുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം.

∙ ടീ ട്രീ ബ്രൗൺ ഷുഗർ അവക്കാഡോ സ്ക്രബ്

ബാക്ടീരിയ, ഫംഗൽ അണുബാധയിൽനിന്നു ശിരോചർമ്മത്തെ സംരക്ഷിക്കുന്ന സ്ക്രബ് ആണിത്. ഒരു ടീസ്പൂൺ ടീ ട്രീ ഓയിൽ, അവക്കാഡോ ഓയിൽ എന്നിവ അര ടീസ്പൂൺ ബ്രൗൺ ഷുഗറുമായി യോജിപ്പിച്ചു സ്കാൽപ്പിൽ പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം.

∙ ഓലിവ് ഓയിൽ, ഹണി, ഷുഗർ സ്ക്രബ്

ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു ടീ സ്പൂൺ തേൻ, ഒരു ടീ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ, മൂന്നു തുള്ളി റോസ്മേരി ഓയിൽ എന്നിവ യോജിപ്പിച്ചു തലയിൽ പുരട്ടുക. അൽപ്പ നേരത്തിനു ശേഷം കഴുകിക്കളയാം.

∙ ലെമൺ ഒലിവ് ഓയിൽ സ്ക്രബ്

ഒന്നോ രണ്ടോ ടീ സ്പൂൺ ഒലിവ് ഓയിൽ, ഒന്നോ രണ്ടോ ടേബിൾ സ്പൂൺ നാരങ്ങനീര് എന്നിവ രണ്ടു ടേബിൾ സ്പൂൺ സീ സാൾട്ടുമായി യോജിപ്പിച്ചു തലയിൽ പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. വരണ്ട സ്കാൽപ്പുള്ളവർക്ക് ഈ മാസ്ക് ഏറെ പ്രയോജനപ്പെടും.

∙ ക്ലാരിഫയിങ് ഷാംപൂ സ്ക്രബ്

ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ഷാംപൂവിലേക്ക് രണ്ടു തുള്ളി ടീ ട്രീ ഓയിൽ മിക്സ് ചെയ്തു തലയിൽ പുരട്ടുക. അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം. ഹെർബൽ ഓർഗാനിക് ഷാംപൂ ഈ സ്ക്രബിൽ ഫലവത്താകില്ല. മാസത്തിൽ രണ്ടു തവണ ഈ ഹെയർ സ്ക്രബ് ഉപയോഗിക്കാം

∙ ബ്രൗൺ ഷുഗർ ഹൊഹോബ (jojoba) ഓയിൽ സ്ക്രബ്

രണ്ടു ടേബിൾ സ്പൂൺ ബ്രൗൺ ഷുഗറിലേക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ നാരങ്ങനീര്, 5–10 തുള്ളി ഹൊഹോബ ഓയിൽ എന്നിവ ചേർത്തു തലയിൽ പുരട്ടുക. മസാജു ചെയ്ത ശേഷം കഴുകിക്കളയുക.

മാസത്തിൽ ഒന്നോ രണ്ടോ തവണ ഈ സ്ക്രബുകൾ ഉപയോഗിക്കാം. ഷാംപൂ ഉപയോഗിച്ചു മുടി കഴുകിയതിനു ശേഷമാണ് ഹെയർ സ്ക്രബുകൾ ഉപയോഗിക്കേണ്ടത്. നനഞ്ഞ മുടിയിലേക്കു തയാറാക്കിയ മിശ്രിതം പുരട്ടി വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യുക. അൽപ്പം കഴിഞ്ഞു നന്നായി കഴുകിക്കളയുക.

*പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക