ആകാശം തൊട്ട് പട്ടങ്ങൾ, തിരമാലകളെ സാഹസികമായി മറികടന്ന് താരങ്ങൾ; ജലമാമാങ്കം കാണാൻ ബേപ്പൂരിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ


ബേപ്പൂർ: ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിവൽ രണ്ടാം സീസണിലും ആവേശമായി നാഷണൽ കൈറ്റ് ഫെസ്റ്റിവൽ. ബേപ്പൂരിൻ്റെ ആകാശം കീഴടക്കിയ ഡസൻ കണക്കിന് പട്ടങ്ങൾ കാണികൾക്ക് ആവേശവും കൗതുകവുമുണർത്തി. ഇത്തവണയും നിരവധി പുതിയ പട്ടങ്ങളും പട്ടം പറത്തൽ വിദഗ്ദ്ധരും ബേപ്പൂരിലെത്തിയിരുന്നു. ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, ട്രെയിൻ, ഷോ കൈറ്റ് തുടങ്ങിയ ഇനത്തിൽപ്പെട്ട ടൈഗർ സ്‌പൈഡർമാൻ, നീരാളി, ഡ്രാഗൺ, ഫിഷ്, ഐ ലൗവ് ബേപ്പൂർ തുടങ്ങി പല രൂപത്തിലുള്ള പട്ടങ്ങളും ഫെസ്റ്റിവലിൽ അണിനിരന്നിരുന്നു.

 

വിദേശ രാജ്യങ്ങളായ തുർക്കി, സിങ്കപ്പൂർ, വിയ്റ്റ്നാം എന്നിവിടങ്ങളിൽ മുപ്പത് വർഷത്തിലേറെയായി പട്ടം പറത്തൽ മേഖലയിലുള്ളവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഒഡീസ, കർണ്ണാടക, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരും പട്ടം പറത്തലിന് എത്തിയിരുന്നു. വൺ ഇന്ത്യ കൈറ്റ് ടീമാണ് ഇത്തവണയും കേരളത്തെ പ്രതിനിധീകരിച്ച് ബേപ്പൂർ കൈറ്റ് ഫെസ്റ്റിവലിന് പട്ടം പറത്തിയത്.

ബേപ്പൂരിന്റെ മണ്ണിൽ ജലമാമാങ്കം കാണാൻ രണ്ടാം ദിനമെത്തിയത് നിരവധി പേർ. രണ്ടാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. ജലകായിക മത്സരങ്ങളും വിനോദ പരിപാടികളും നേരിട്ട് കാണാനും ആസ്വദിക്കാനും രാവും പകലുമില്ലാതെയാണ് ആളുകൾ എത്തുന്നത്.

കയാക്കിങ്, സർഫിങ് മത്സരങ്ങൾ വേറിട്ട അനുഭവമായി. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സർഫിങ് ഡെമോ ബീച്ചിലെത്തിയവർക്ക് കൗതുക കാഴ്ചയായി. അവഞ്ച്വർ സർഫിങ് ക്ലബ്ബിലെ എട്ട് ട്രെയിനർമാരാണ് സർഫിങ് ഡെമോ അവതരിപ്പിച്ചത്. ഡിടിപിസിയുടെയും ആർടി മിഷന്റെയും നേതൃത്വത്തിലുള്ള സർഫിങ് പരിശീലന ക്ലബ്ബാണ് അവഞ്ച്വർ സർഫിങ് ക്ലബ്. പൊതുജനങ്ങൾക്ക് സർഫിങ് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒരു മണിക്കൂർ സമയമാണ് കാഴ്ചക്കാർക്കായി സർഫിങ് ഡെമോ ഒരുക്കിയത്.

 

കാണികൾക്ക് ജല സാഹസികതയുടെ കാഴ്ച വിരുന്നൊരുക്കി സീ റാഫ്റ്റിങ്. ആറംഗ സംഘമാണ് ബേപ്പൂർ ബീച്ചിൽ സീ റാഫ്റ്റിങ് ഡെമോ ജനങ്ങൾക്ക് മുന്നിൽ എത്തിച്ചത്. തിരമാലകളെ മറികടന്ന് അവർ തുഴഞ്ഞു നീങ്ങിയത് ബേപ്പൂരിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ ആവേശഭരിതരാക്കി. സാഹസിക കായികമെന്ന നിലയിൽ പ്രശസ്തമായ സീ റാഫ്റ്റിങ്ങിനെ കുറിച്ച് മനസിലാക്കാനും ഇത് സഹായകമായി.

തിരമാലയുടെ ഓളങ്ങൾക്കൊപ്പം താരങ്ങൾ തുഴഞ്ഞു നീങ്ങുന്നത് കൗതുകത്തോടെയാണ് കാണികൾ വീക്ഷിച്ചത്. അക്ഷയ്, വിശ്വാസ് രാധ്, യു.കെ റിച്ചാർഡ്, പോകോ, ആദർശ്, എലിയറ്റ് തുടങ്ങിയ താരങ്ങളാണ് സീ റാഫ്റ്റിങ്ങിൽ പങ്കെടുത്തത്.

Summary: Beppur international water festivel