പ്രത്യാശയുടെ പ്രതീക്ഷയായി ഇന്ന് ഈസ്റ്റർ; യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ


പേരാമ്പ്ര: ഇന്ന് യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ദിനം. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണാര്‍ത്തം ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്ററായി കൊണ്ടാടുന്നു. ലോകരക്ഷകനായി പിറന്ന യേശുക്രിസ്തു കുരിശു മരണത്തിന് ശേഷം മൂന്നാം നാള്‍ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നും ശേഷം സ്വര്‍ഗ്ഗാരോഹണം ചെയ്തുവെന്നുമാണ് ക്രൈസ്തവ വിശ്വാസം. കുരിശ് മരണം വരിച്ച ദുഃഖ വെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് വിശ്വാസികള്‍ ഈസ്റ്ററായി ആഘോഷിക്കുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനത്തെയും ഓര്‍ക്കുകയും ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുകയും ചെയ്യുന്നു.

50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ പ്രത്യാശയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. ഈ ദിനത്തിന് മുമ്പുള്ള ഏഴു ദിനങ്ങളും വിശ്വാസികള്‍ ഏറെ വിശുദ്ധമായി കണക്കാക്കപ്പെടുന്നു. ഈസ്റ്ററിന് ഒരാഴ്ച മുമ്പുള്ള ഓശാന ഞായറാഴ്ചയാണ് വിശുദ്ധ വാരം ആരംഭിക്കുന്നത്. യേശുക്രിസ്തു തന്റെ അനുയായികളോടൊപ്പം അവസാനത്തെ അത്താഴം കഴിച്ചതായി കരുതപ്പെടുന്ന പെസഹാ വ്യാഴവും തുടര്‍ന്ന് ദുഃഖവെള്ളിയും കടന്ന് ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കപ്പെടുന്നു.

ദേവാലയങ്ങളില്‍ ഈ ദിനത്തില്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കും. ക്രൈസ്തവ വീടുകളില്‍ രുചികരമായ വിഭവങ്ങള്‍ ഒരുക്കി ബന്ധുക്കളെയും വിരുന്നുകാരെയുംമെല്ലാം സ്വീകരിക്കുന്ന ഒരാഘോഷ ദിനം കൂടിയാണ് ഈസ്റ്റര്‍.

എല്ലാവര്‍ക്കും പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ ഈസ്റ്റര്‍ ആശംസകള്‍.