പെറുക്കിയെടുത്തത് എട്ട് ചാക്ക് വണ്ടിനെ; കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വണ്ട് ശല്യം രൂക്ഷം
കായണ്ണ ബസാർ: വിദ്യാർത്ഥികളെത്തും മുന്നേ സ്കൂളിൽ സ്ഥാനം പിടിച്ച് വണ്ടുകൾ. കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് വണ്ട് ശല്യമുള്ളത്. സ്കൂൾ തുറക്കുന്നതിന് മുന്നേ വൃത്തിയാക്കാനെത്തിയ പി.ടി.എ. അംഗങ്ങൾ ചാക്കു കണക്കിന് വണ്ടുകളെയാണ് സ്കൂളിൽ നിന്നും നീക്കം ചെയ്തത്.
സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് സ്കൂൾ കോമ്പൗണ്ടിലേക്ക് വണ്ടെത്തുന്നതെന്നാണ് പറയുന്നത്. പരിസരത്തെ ചില വീടുകളിലും വണ്ട് ശല്യമുണ്ട്. കൃഷിഭവനിൽനിന്ന് കൊടുത്ത മരുന്നുതളിച്ചെങ്കിലും വണ്ട് ശല്യത്തിന് ശമനമില്ല. കഴിഞ്ഞ ദിവസത്തെ ശുചീകരണ സമയത്ത് എട്ട് ചാക്കിലാണ് സ്കൂളിൽ നിന്നും വണ്ടുകളെ പെറുക്കിയെടുത്ത് കളഞ്ഞത്.
മഴക്കാലത്ത് സ്കൂളിൽ വണ്ട് ശല്യം പതിവാണ്. വർഷങ്ങളായി തുടരുന്ന വണ്ട് ശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് വിദ്യാർത്ഥികൾ. സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ വണ്ട് വിനയാകുമോയെന്ന ആശങ്കയിലാണ് എല്ലാവരും.