രുചിയൂറും നാടന്‍ തേന്‍ വേണോ? സംശയിക്കേണ്ട, ചക്കിട്ടപ്പാറയ്ക്ക് വിട്ടോളു… തേനീച്ചകൃഷിയില്‍ വിപ്ലവം തീര്‍ത്ത് കര്‍ഷകര്‍


പേരാമ്പ്ര: തേനിന് ഔഷധ ഗുണങ്ങളേറെയുണ്ട്. അതിനാല്‍ ഗുണമേന്മയുള്ള നല്ല നാടന്‍ തേനിനായി കടകള്‍ പലതും നമ്മള്‍ കയറിയിറങ്ങാറുണ്ട്. എന്നാല്‍ തേനിനായി ഒരുപാട് ദൂരം നിങ്ങള്‍ സഞ്ചരിക്കേണ്ടിവരില്ല, നിങ്ങള്‍ക്കരികിലുണ്ട് നല്ല നാടന്‍ തേന്‍. ചക്കിട്ടപാറയിലെ കര്‍ഷകരാണ് വരുമാന മാര്‍ഗത്തിനായി തേനീച്ചക്കളെ കൂടെ കൂട്ടിയത്. പഞ്ചായത്ത്, നബാര്‍ഡ്, സ്റ്റാര്‍സ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് കര്‍ഷകര്‍ തേന്‍കൃഷി വിപ്ലവം നയിക്കുന്നത്. കര്‍ഷകരില്‍ നിന്നുള്ള തേന്‍ ശേഖരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു.

പഞ്ചായത്തിലെ ആയിരം കുടുംബങ്ങളാണ് പദ്ധതി അംഗങ്ങളാവുക. ആദ്യഘട്ടത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെ വാര്‍ഡുകളിലെ 350 കുടുംബങ്ങള്‍ക്ക് പരിശീലനംനല്‍കി. സബ്‌സിഡി നിരക്കില്‍ തേനീച്ചയും പെട്ടിയും നല്‍കി. ഒരു കുടുംബം കുറഞ്ഞത് അഞ്ച് പെട്ടിയില്‍ കൃഷി തുടങ്ങി. ഒരു പെട്ടിയില്‍നിന്ന് മാസത്തില്‍ പത്ത് കിലോ തേന്‍ ശേഖരിക്കാന്‍ കഴിയുന്നു. കിലോക്ക് 300 രൂപ നിരക്കില്‍ പ്രതിമാസം 20,000 രൂപ വരെയാണ് വരുമാനം. സ്ത്രീകളാണ് തേന്‍കൃഷി വ്യാപനത്തിനായി രംഗത്തുള്ളത്.

സ്റ്റാര്‍സ് കോഴിക്കോട് 300 രൂപ നിരക്കില്‍ കര്‍ഷകരില്‍നിന്ന് തേന്‍ ശേഖരിച്ച് വിപപണിയിലെത്തിക്കും. സെന്റ് തോമസ് പ്രോവിന്‍സിന്റെ കീഴിലുള്ള സന്നദ്ധ സംഘടനയാണ് സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ റൂറല്‍ സര്‍വീസ് (സ്റ്റാര്‍സ്). അഞ്ചുമാസത്തിനിടെ മൂന്ന് ടണ്‍ തേന്‍ വിറ്റു. വെളുത്തുള്ളി തേന്‍, കാന്താരിമുളക് തേന്‍, തേന്‍ നെല്ലിക്ക, മിക്‌സഡ് ഫ്രൂട്ട്‌സ് തേന്‍ തുടങ്ങി അമ്പതിലേറെ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. തേന്‍ മെഴുകില്‍നിന്നുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കുന്ന സംരംഭവും തുടങ്ങും. ചെമ്പനോടയില്‍ തേനീച്ച നഴ്‌സറി തുടങ്ങി. തേനീച്ചപ്പെട്ടി നിര്‍മാണ യൂണിറ്റും നിലവില്‍വന്നു.

കര്‍ഷകര്‍ക്ക് ചെറുതേനീച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കും. ആദ്യ ഘട്ടത്തില്‍ 100 വനിതകള്‍ക്ക് സബ്‌സിഡിയോടെ ചെറുതേനീച്ചപ്പെട്ടി വിതരണംചെയ്യും. ചെറുതേന്‍ ലിറ്ററിന് 2000 മുതല്‍ 3000 രൂപ വരെയാണ്. 500 തേനീച്ച കര്‍ഷകര്‍ അടങ്ങുന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിക്കാനും ലക്ഷ്യമിടുന്നു. പഞ്ചായത്ത് വനിതാ ഘടകപദ്ധതിയില്‍ 10 ലക്ഷംരൂപ തേന്‍കൃഷി വ്യാപനത്തിനായി അനുവദിച്ചിട്ടുണ്ട്.