സോഷ്യൽ മിഡിയയിൽ കമന്റൊക്കെയിടുമ്പോൾ കുറച്ചൊന്ന് സൂക്ഷിക്കണം, തടവും പിഴയും ശിക്ഷ ലഭിച്ചേക്കാം; നടിക്കെതിരെ അശ്ലീല കമന്റിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ


കൊച്ചി: നടി ഹണി റോസിനെതിരെ സോഷ്യൽ മിഡിയയിൽ അശ്ലീല കമന്റ് ഇട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നടിയുടെ പരാതിയിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും എന്നാണ് വിവരം .

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിക്കുന്ന കമന്റിട്ടു എന്നായിരുന്നു നടി ഹണി റോസിന്റെ പരാതി. ഈ പരാതി പ്രകാരം 27 പേർക്കെതിരെ പോലീസ് കേസ് എടുത്തു. കൂടാതെ എറണാകുളം സെൻട്രൽ പോലീസ് 30 പേർക്കെതിരെയാണ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്. ഹണി റോസ് കൈമാറിയ സ്‌ക്രീൻഷോട്ടുകൾ ഉൾപ്പടെ പരിശോധിച്ചു വരികയാണെന്ന് ഡിസിപി അശ്വതി ജിജി പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഹണി റോസ് വ്യക്തമാക്കി.