‘പന്തിരിക്കരയിലെ റിഹാബ് യൂണിവേഴ്‌സിറ്റിക്കുള്ള തടസ്സങ്ങള്‍ നീക്കണം’; നിവേദനവുമായി മുന്നൂറ് ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍
പാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയില്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി തണല്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന റിഹാബ് യൂനിവേഴ്‌സിറ്റിക്കുള്ള തടസ്സങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കള്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് നിവേദനം നല്‍കി. കടിയങ്ങാട് തണല്‍-കരുണ സ്‌കൂളിലെ 300 ഭിന്നശേഷിക്കാരായ മക്കളുടെ രക്ഷിതാക്കള്‍ നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
പന്തിരിക്കരയില്‍ തണല്‍ പ്രഖ്യാപിച്ച റിഹാബ് യൂനിവേഴ്‌സിറ്റിയെ തികച്ചും വാസ്തവവിരുദ്ധമായ പ്രകൃതിപ്രശ്‌നങ്ങള്‍ പറഞ്ഞ് തടയാന്‍ ശ്രമിക്കുന്ന ചിലരുടെ കുത്സിത ശ്രമങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് മുന്‍കൈയെടുത്ത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ പദ്ധതി വഴി ഒരുവിധ മലിനീകരണവും പന്തിരിക്കരയിലെ സമീപവാസികള്‍ക്ക് ഉണ്ടാക്കുകയില്ലെന്ന് പ്രസിഡന്റിന് കുട്ടികളും രക്ഷിതാക്കളും ഉറപ്പുനല്‍കി. ഈ യൂണിവേഴ്‌സിറ്റി ഭിന്നശേഷിക്കാരുടെ സ്വപ്നമാണെന്നും അത് സാധ്യമായാല്‍ നാടിന് ഒരു പൊന്‍തൂവലാവുമെന്നും അവര്‍ പറഞ്ഞു.
കടിയങ്ങാട് തണല്‍-കരുണ സ്‌പെഷല്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ബാബു ആയഞ്ചേരി, കമ്മിറ്റി അംഗങ്ങളായ ഷൈമ രാജീവന്‍, ജിഷ കുണ്ടുതോട്, റംല പന്തിരിക്കര, അര്‍ഷിന കടിയങ്ങാട്, അഫ്‌ലിന്‍ കടിയങ്ങാട്, അഷ്‌റഫ് കടിയങ്ങാട്, സമീറ പേരാമ്ബ്ര, സഫിയ പേരാമ്ബ്ര, സുധാകരന്‍, ഷീബ, കെ.ഇ.അഷ്‌റഫ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം കൈമാറിയത്. ഈ വിഷയം ഉന്നയിച്ച് എം.പി, എം.എല്‍.എ എന്നിവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു.