കണ്ണൂക്കര ഒഞ്ചിയം കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയിലെ കവര്‍ച്ചാശ്രമം; തൊട്ടിൽപ്പാലം സ്വദേശി പിടിയില്‍


കണ്ണൂക്കര: കണ്ണൂക്കര ഒഞ്ചിയം റോഡിലെ ഒഞ്ചിയം കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ബാങ്കിൽ കവർച്ചയ്ക്ക് ശ്രമിച്ചയാൾ പിടിയിൽ. തൊട്ടിൽപ്പാലം കുണ്ടുതോട് കാവിലുംപാറ നാലൊന്ന് കാട്ടിൽ സനീഷ് ജോർജിനെ(43)യാണ് ചോമ്പാല പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സനീഷ് കാസര്‍കോട്ട് നടന്ന മോഷണത്തിനിടെയാണ് പോലീസിന്റെ പിടിയിലാവുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ കണ്ണൂക്കരയില്‍ മോഷണം നടത്തിയതായി മനസിലായത്.

ഓഗസ്റ്റ് രണ്ടിന് അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം. കമ്പി ഉപയോഗിച്ച് സൊസൈറ്റിയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് ഇയാള്‍ അകത്തേക്ക് കയറിയത്. എന്നാല്‍ അകത്ത് പ്രവേശിച്ച ഉടന്‍ തന്നെ ബാങ്കിലെ സുരക്ഷാ അലാറാം അടിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ഈ സമയം ചോമ്പാല പോലിസ് കണ്ണൂക്കരയിൽ നൈറ്റ് പട്രോളിംഗിലുണ്ടായിരുന്നു. അലാറം ശബ്ദം കേട്ട് പോലീസ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. അലാറം അടിഞ്ഞതിനാല്‍ ബാങ്കില്‍ കവര്‍ച്ച നടത്താന്‍ പ്രതിക്ക് സാധിച്ചിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ ബാങ്കിലെത്തി തെളിവെടുപ്പ് നടത്തി. ചോമ്പാല എസ്.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

Bank robbery attempt; The thief was arrested