വായ്പാ കുടിശ്ശിക അടയ്ക്കാന്‍ ആവശ്യപ്പെടാനായി വീട്ടിലെത്തിയപ്പോള്‍ കണ്ടത് കുടുംബത്തിന്റെ ദയനീയാവസ്ഥ; എരവട്ടൂര്‍ സ്വദേശിയ്ക്കുവേണ്ടി ബാങ്ക് കുടിശ്ശിക തീര്‍ത്ത് പേരാമ്പ്രയിലെ കേരള ബാങ്ക് ജീവനക്കാര്‍


പേരാമ്പ്ര: ക്യാന്‍സര്‍ ചികിത്സയും സാമ്പത്തിക ബാധ്യതകളും കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് തുണയായി പേരാമ്പ്രയിലെ കേരള ബാങ്ക് ജീവനക്കാര്‍. എരവട്ടൂര്‍ പടപ്പനാട്ട് മീത്തല്‍ ഗിരീഷ് കുമാറിന്റെ കുടുംബം ബാങ്കിന് കൊടുത്തുതീര്‍ക്കാനുണ്ടായിരുന്ന വായ്പ കുടിശ്ശിക തീര്‍ത്തുകൊണ്ടാണ് ബാങ്ക് ജീവനക്കാര്‍ കുടുംബത്തെ പിന്തുണച്ചത്.

ക്യാന്‍സര്‍ ബാധിതനായ ഗിരീഷിന് ഇതിനകം നാല് ശസ്ത്രക്രിയകള്‍ക്ക് വിധേയനാകേണ്ടിവന്നിരുന്നു. ഇതിനുവേണ്ടി വന്ന വലിയ തുക നാട്ടുകാര്‍ ചികിത്സാ സഹായക്കമ്മിറ്റി രൂപീകരിച്ചാണ് കണ്ടെത്തിയത്. ഇതിനിടയിലാണ് 2016-ല്‍ ഗിരീഷ് കുമാര്‍ എടുത്തിരുന്ന 45,000 രൂപയുടെ വായ്പ കുടിശ്ശികയായിരുന്നത്. പലിശയടക്കം 90,000 രൂപ ബാങ്കിന് നല്‍കാനുണ്ടായിരുന്നു.

ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഗിരീഷ് കുമാറിന് ജോലിക്കൊന്നും പോകാനാകാതെ വന്നതോടെ തിരിച്ചടയ്ക്കാന്‍ ഒരു മാര്‍ഗവുമുണ്ടായിരുന്നില്ല. കുടിശ്ശിക പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി ബ്രാഞ്ച് മാനേജര്‍ പി. റീനയും ഏരിയ മാനേജര്‍ സജിത് കുമാറും വീട്ടിലെത്തിയപ്പോഴാണ് ഗിരീഷ് കുമാറിന്റെ കുടുംബത്തിന്റെ അവസ്ഥ മനസിലായത്. ഓടിട്ട വീട് മേല്‍ക്കൂര പൊളിഞ്ഞ് താമസിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തിയിരുന്നു. ഇതോടെ തിരിച്ചടവിനെക്കുറിച്ചൊന്നും സംസാരിക്കാതെ തിരികെയെത്തിയ മാനേജര്‍ ജീവനക്കാരോട് ഇക്കാര്യം പങ്കുവെച്ചു.

തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് തുകയെടുത്ത് വായ്പ തീര്‍പ്പാക്കി ആധാരം കുടുംബത്തിന് തിരികെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ചെറിയൊരു സമ്മാനവും നല്‍കിയാണ് ജീവനക്കാര്‍ കുടുംബത്തെ യാത്രയാക്കിയത്.

ഗിരീഷ് കുമാറിന്റെ ഭാര്യ ഷീനയ്ക്ക് ആധാരം പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് കൈമാറി. യോഗത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഐ.കെ.വിജയന്‍ അധ്യക്ഷനായി. പഞ്ചായത്തംഗം കെ.കെ.പ്രേമന്‍, ഏരിയ മാനേജര്‍ കെ.കെ.സജിത് കുമാര്‍, ബ്രാഞ്ച് മാനേജര്‍ പി.റീന, സീനിയര്‍ മാനേജര്‍ സി.എം.പ്രദീപ് കുമാര്‍, കെ.സരസ്വതി തുടങ്ങിയവര്‍ സംസാരിച്ചു.