ലളിതം, സുന്ദരം, ഈ ക്ഷണക്കത്ത്; സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് ബാലുശ്ശേരി എം.എൽ.എ സച്ചിന്റെയും ആര്യയുടെയും വിവാഹ ക്ഷണക്കത്ത്; ഇത് പാർട്ടി സ്റ്റൈൽ


ബാലുശ്ശേരി: സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് ആർഭാടങ്ങളുടെ ലാഞ്ചന ഏതുമില്ലാതെ പുറത്തിറങ്ങിയ ബാലുശ്ശേരി എം.എൽ.എ സച്ചിന്റെയും തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യയുടെയും വിവാഹക്ഷണക്കത്ത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയിരിക്കുന്നത്.

ലളിതമായ കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരങ്ങൾക്ക് പകരം സച്ചിൻ്റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്തം പരാമർശിച്ചാണ് പരിചയപ്പെടുത്തുന്നത്. ക്ഷണക്കത്ത് പോലെ ‘സിംപിൾ’ ആയിരിക്കും വിവാഹവുമെന്നാണ് അറിയിപ്പ്. സെപ്റ്റംബർ നാലിനാണ് ഇരുവരുടെയും വിവാഹം. തിരുവനന്തപുരം എകെജി ഹാളിൽ വച്ച് രാവിലെ 11നാണ് ചടങ്ങ്.

മാർച്ച് മാസത്തിലായിരുന്നു വിവാഹനിശ്ചയം. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് വിവാഹ സത്കാരം നടത്തും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ രാജേന്ദ്രൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സിനിമ താരം ധർമ്മജൻ ബോൾഗാട്ടിയെ പരാചയപെടുത്തിയാണ് സച്ചിൻ ദേവ് ബാലുശ്ശേരി എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടത്.