കൊയിലാണ്ടി നഗരത്തെ മണിക്കൂറുകളോളം ബന്ദിയാക്കി ബജ്രംഗ് ദളിന്റെ ഘോഷയാത്ര, അനുമതിയില്ലാതെ നടത്തിയ പരിപാടിയില്‍ വലഞ്ഞത് ആയിരങ്ങള്‍; സ്വമേധയാ കേസെടുത്ത പോലീസ് ശക്തമായ നടപടിയ്ക്ക്, വാഹനങ്ങള്‍ പിടിച്ചെടുത്ത് തുടങ്ങി
കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം മുതല്‍ കൊയിലാണ്ടി നഗരത്തില്‍ ആയിരക്കണക്കിന് ജനങ്ങളെ ബുദ്ധിമുട്ടിച്ച വന്‍ഗതാഗതക്കുരുക്കിന് വഴിവെച്ച ഗണേശചതുര്‍ത്ഥി ആഘോഷം നടത്തിയവര്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇതിനകം രണ്ട് വാഹനങ്ങളും സൗണ്ട് സിസ്റ്റവും പിടിച്ചെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതല്‍ ഒമ്പതുമണിവരെയാണ് ഗണേശചതുര്‍ത്ഥി ആഘോഷമെന്ന പേരില്‍ ഒരുകൂട്ടം ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ലോറികളിലും മറ്റുമായി നഗരത്തിലെത്തിയ ഇവര്‍ സൗണ്ട് സിസ്റ്റമടക്കം ഘടിപ്പിച്ച് ഉച്ചത്തില്‍ ശബ്ദം മുഴക്കുകയും നാസിക് ധോളുകള്‍ കൊട്ടുകയും ചെയ്യുകയായിരുന്നു.
പൊലീസ് അനുമതിയില്ലാതെയാണ് ഇവര്‍ ദേശീയപാതയില്‍ ഇത്തരമൊരു പ്രകടനം നടത്തിയത്. ഗതാഗതക്കുരുക്കും ശബ്ദമലിനീകരണവും ഒഴിവാക്കാന്‍ പലവട്ടം പൊലീസ് നിര്‍ദേശം നല്‍കിയിട്ടും അതൊന്നും ചെവിക്കൊടുക്കാതെയാണിവര്‍ പരിപാടിയുമായി മുന്നോട്ടുപോയതെന്ന് സി.ഐ. സുനില്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടിയെടുത്തത്. ജനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിക്കുക, അതിതീവ്ര ശബ്ദമലിനീകരണം, പൊലീസ് ആജ്ഞ ലംഘിച്ച് പ്രകടനം നടത്തുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കണ്ടാലറിയാവുന്ന 200പേര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഉപയോഗിച്ച പതിനാറ് വാഹനങ്ങളും നാസിക് ധോള്‍ അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വടകരയിലും സമാനമായ പരിപാടി സംഘടിപ്പിക്കാനിരിക്കെയാണ് പൊലീസ് നടപടി കര്‍ശനമാക്കിയിരിക്കുന്നത്.
ആര്‍.എസ്.എസ് ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ആഘോഷങ്ങളെ തുടര്‍ന്ന് ദേശീയപാത വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളാണ് കൊയിലാണ്ടിയില്‍ പെട്ടുപോയത്. വിവിധ സ്‌കൂളുകളില്‍ ഓണാഘോഷപരിപാടികള്‍ കഴിഞ്ഞുവരുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും കോഴിക്കോട് നഗരത്തിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകളുമടക്കം നിരവധി പേര്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. പലര്‍ക്കും പതിനൊന്നുമണിയോടെയൊക്കെയാണ് വീട്ടിലെത്താന്‍ കഴിഞ്ഞത്.
1q