അമ്പത്തിയൊന്ന് വയസിന്റെ ചെറുപ്പം, കഠിനാധ്വാനം; എടച്ചേരി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ സതിയുടെ ബാഡ്മിന്റണ്‍ വിജയഗാഥ
എടച്ചേരി: ഓള്‍ ഇന്ത്യ പോലീസ് ബാഡ്മിന്റണ്‍ ക്ലസ്റ്ററിൽ തിളക്കമാര്‍ന്ന വിജയവമായി എടച്ചേരി പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സതി പി. വനിതാ വിഭാഗത്തില്‍ 50പ്ലസ് മിക്‌സ് ഡബിള്‍സ് വിഭാഗത്തില്‍ ഗോള്‍ഡും, 50 പ്ലസ് സിംഗിള്‍സില്‍ സില്‍വറും, 45 പ്ലസ് ഡബിള്‍സില്‍ ബ്രോണ്‍സും നേടിയാണ് സതി എടച്ചേരി പോലീസ് സ്‌റ്റേഷന്റെ അഭിമാന താരമായത്.
എറണാകുളത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും യൂണിയൻ ഭരണപ്രദേശങ്ങളിലെയും ബി.എസ്.എഫ്, ആർ.പി.എഫ്, സി.ആർ.പി.എഫ് തുടങ്ങിയ അർദ്ധസൈനിക വിഭാഗങ്ങളിലെയും 41 യൂണിറ്റുകളാണ് പങ്കെടുത്തത്.

എട്ട് വയസുമുതല്‍ സ്‌പോര്‍ട്‌സിനോടായിരുന്നു സതിക്ക് താല്‍പര്യം. അതുകൊണ്ടുതന്നെ ഭാവിയില്‍ എന്ത് ജോലി ചെയ്യും എന്ന കാര്യത്തില്‍ സംശയവും ഇല്ലായിരുന്നു. ഫിസിക്കല്‍ എജുക്കേഷന്‍ ട്രെയിനാറായി വടകര ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ ജോലി ചെയ്തു തുടങ്ങി. ഏതാണ്ട് ആറ് വര്‍ഷക്കാലം അവിടെ തുടര്‍ന്നു.
ഇതിനിടെയാണ് പി.എസ്.സി പരീക്ഷ എഴുതാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയത്. അങ്ങനെ കഠിനാധ്വാനത്തിന്റെ ഫലമായി ഇരുപത്തിയൊമ്പാതാമത്തെ വയസില്‍ കേരള പോലീസിന്റെ ഭാഗമായി. പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ ആയിരുന്നു ആദ്യ പോസ്റ്റിങ്ങ്. തുടര്‍ന്ന് വടകരയിലും മറ്റിടങ്ങളിലുമായി ജോലി ചെയ്തു. നിലവില്‍ ഒരു കൊല്ലത്തിലധികമായി എടച്ചേരി പോലീസ് സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
മുപ്പത് വര്‍ഷത്തെ സര്‍വ്വീസിനിടെ നിരവധിയായ ടൂര്‍ണമെന്റുകളിലും അത്‌ലറ്റിക് മീറ്റുകളിലും സതി പങ്കെടുത്തിട്ടുണ്ട്. 2007ലെ നാഷണല്‍ പോലീസ് മീറ്റില്‍ ട്രിപ്പിള്‍ ജംപ്, റിലേ മത്സരങ്ങളില്‍ പങ്കെടുത്തു. 2015,2016,2017 വര്‍ഷങ്ങളില്‍ നാഷണല്‍ മാസ്‌റ്റേഴസ് അത്‌ലറ്റിക് മീറ്റില്‍ ട്രിപ്പിള്‍ ജംപില്‍ ഒന്നാം സ്ഥാനവും ലോങ് ജംപില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. പോലീസ് സ്‌പോര്‍ട്‌സ് മീറ്റില്‍ ജില്ലാ തലത്തില്‍ 13 തവണ വ്യക്തിഗത ചാംപ്യന്‍ എന്ന നേട്ടവും സതിക്ക് സ്വന്തമാണ്. കൂടാതെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും നേടിയിട്ടുണ്ട്. മാത്രമല്ല വോളിബോള്‍ സ്‌റ്റേറ്റ് റഫറി കൂടിയാണ് ചോറോട് ഈസ്റ്റ് സ്വദേശിയായ ഈ അമ്പത്തിയൊന്നുകാരി.
ഖോ-ഖോ, കബഡി, ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ് തുടങ്ങി സതി കൈവെക്കാത്ത മേഖല ഇല്ലെന്ന് തന്നെ പറയേണ്ടി വരും. കഠിനാധ്വാനവും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ സ്വപ്‌നങ്ങള്‍ ഒരുനാള്‍ നമ്മളെ തേടിയെത്തുമെന്നതിന്റെ ഉത്തമഉദാഹരണമാണ് സതിയെന്ന പോലീസുകാരി.
Description: Badminton success story of ASI Sati of Edachery Police Station