ബാബുരാജ് സംഗീതം കൊണ്ട് ജീവിതത്തെ സൗന്ദര്യപ്പെടുത്തിയ പ്രതിഭ; റിഥം മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ ബാബുരാജ് അനുസ്മരണം


മേപ്പയ്യൂർ: സംഗീതം കൊണ്ട് ജീവിതത്തെ നവീകരിക്കാൻ ശ്രമിച്ചവരിലൊരാളാണ് സംഗീതകാരൻ എം.എസ്.ബാബുരാജെന്ന് പ്രശസ്ത സാഹിത്യകാരൻ വി.ആർ.സുധീഷ് പറഞ്ഞു. അർഹിക്കുന്ന പരിഗണനയും അംഗീകാരങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. മരണപ്പെട്ടപ്പോൾ ഒറ്റക്കോളം ചരമ വാർത്തയാണ് പത്രങ്ങളിൽ വന്നതെന്നും റിഥം മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാബുരാജ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ജനഹൃദയങ്ങളിൽ ഇന്നും മായാതെ നിൽക്കുന്ന ബാബുക്കയുടെ പാട്ടുകൾ അവഗണിക്കാനാവാത്ത അദ്ദേഹത്തിലെ പ്രതിഭയെയാണ് വെളിവാക്കുന്നതെന്നും വി ആർ സുധീഷ് വ്യക്തമാക്കി. സത്യൻ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു. എ. സുബാഷ് കുമാർ, മേപ്പയ്യൂർ ബാലൻ, രാജേന്ദ്രൻ മാണിയോട്ട് എന്നിവർ സംസാരിച്ചു.

തുടർന്ന് ഇരുപതോളം പാട്ടുകാർ അണിനിരന്ന ബാബുക്ക മെഹ്ഫിൽ രാവ് നടന്നു. അനുസ്മരണ പരിപാടിയിലെത്തിയവരെല്ലാം ബാബുക്കയുടെ പാട്ടിന്റെ ലഹരി നുണഞ്ഞു. ജയപാലൻ കാരയാട്, പ്രേമൻ പാമ്പിരികുന്ന് (തബല ), ഹരിപ്രസാദ് (ഗിറ്റാർ), രാജേന്ദ്രൻ മാണിയോട്ട് (ഹാർമോണിയം ) എന്നിവയുമായി ഗാനാഞ്ജലി നയിച്ചു.