‘പ്രവചനമൊക്കെ മെസി ഫാൻസിന് സിമ്പിളല്ലേ, കളി ഷൂട്ടൗട്ടിലെത്തിയപ്പൊ ഭയങ്കര കോണ്‍ഫിഡന്‍സായി, അര്‍ജന്റീന ജയിച്ചപ്പൊ മനസ് നിറഞ്ഞു’; ഖത്തര്‍ ലോകകപ്പ് ഫൈനലിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച നടുവണ്ണൂരിലെ ആയിഷ ഐഫ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു
സ്വന്തം ലേഖകൻ
നടുവണ്ണൂര്‍: പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ത്തിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസിയുടെ കട്ടൗട്ടിനെക്കാള്‍ വലിയ ഒരാളുണ്ട് ഇപ്പോള്‍ നടുവണ്ണൂരില്‍. ആയിഷ ഐഫ എന്ന കൊച്ചുമിടുക്കി. ഇന്നലെ നടന്ന ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ചാണ് ആയിഷ വാര്‍ത്തകളിലും അര്‍ജന്റീനാ ആരാധകരുടെ മനസിലും ഇടം പിടിച്ചത്.
പേരുകേട്ട ഫുട്‌ബോള്‍ നിരീക്ഷകര്‍ പോലും വമ്പന്മാര്‍ ഏറ്റുമുട്ടുന്ന ഫൈനലില്‍ ആര് ജയിക്കുമെന്നോ എത്ര ഗോളടിക്കുമെന്നോ പ്രവചനം നടത്താന്‍ അറച്ച് നിന്നപ്പോഴാണ് ആയിഷ നിസംശയം കൃത്യമാര്‍ന്ന സ്‌കോര്‍ പ്രവചിച്ചത്. നടുവണ്ണൂര്‍ ഹൈസ്‌കൂള്‍ നടത്തിയ പ്രവചന മത്സരത്തിലാണ് ആയിഷ ഇന്നലത്തെ മത്സരം വരച്ചിട്ടത് പോലെ സ്‌കോര്‍ പ്രവചിച്ചത്.
നിശ്ചിത സമയത്ത് 3-3 എന്ന നിലയില്‍ മത്സരം സമനിലയിലാകുമെന്നും തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറില്‍ അര്‍ജന്റീന ലോകകപ്പില്‍ മുത്തമിടുമെന്നുമായിരുന്നു ആയിഷയുടെ പ്രവചനം. അക്ഷരാര്‍ത്ഥത്തില്‍ ഈ പ്രവചനം യാഥാര്‍ത്ഥ്യമായ മത്സരമാണ് ഇന്നലെ ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ കണ്ടത്.
അര്‍ജന്റീനയുടെ നായകനായ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കടുത്ത ആരാധികയാണ് ആയിഷ. എങ്ങനെയാണ് ഇത്ര കൃത്യമായി ഫൈനല്‍ മത്സരത്തിന്റെ സ്‌കോര്‍ പ്രവചിച്ചത് എന്ന ചോദ്യത്തിന്, ‘മെസിയുടെ ഫാന്‍സിന് സ്‌കോര്‍ ആദ്യമേ കൃത്യമായി പറയാന്‍ കഴിയും’ എന്ന മറുപടിയാണ് ആയിഷ ഐഫ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.
‘ഇന്നലെ ഫൈനല്‍ മത്സരം മുഴുവനായി കണ്ടിരുന്നു. അടിപൊളി കളിയായിരുന്നു. ഷൂട്ടൗട്ടിലേക്ക് പോയാല്‍ അര്‍ജന്റീന ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഷൂട്ടൗട്ടിലെത്തിയപ്പൊ എനിക്ക് ഭയങ്കര കോണ്‍ഫിഡന്‍സായി.’ -ആയിഷ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ആദ്യം അര്‍ജന്റീന രണ്ട് ഗോളടിച്ച് മുന്നിലായപ്പൊ ഭയങ്കര സന്തോഷമായിരുന്നു. പിന്നെ ഫ്രാന്‍സ് രണ്ട് ഗോളടിച്ച് മുന്നോട്ട് വന്നപ്പൊ ടെന്‍ഷനായി. അര്‍ജന്റീനയ്ക്ക് കപ്പ് നഷ്ടമാകുമോ എന്ന പേടി പോലും ഉണ്ടായിരുന്നു. എന്നാല്‍ എക്‌സ്ട്രാ ടൈമും കഴിഞ്ഞ് ഷൂട്ടൗട്ടിലെത്തിയതോടെ ആ പേടി പോയി. ഷൂട്ടൗട്ടില്‍ അര്‍ജന്റീന ജയിക്കുമെന്ന് ഉറപ്പായിരുന്നു. അവസാനത്തെ കിക്ക് ഗോളാക്കി അര്‍ജന്റീന വിജയിച്ച നിമിഷത്തില്‍ മനസ് നിറഞ്ഞുവെന്നും അത്യധികം സന്തോഷമായെന്നും ആയിഷ ഐഫ പറഞ്ഞു.
വീട്ടില്‍ ഉപ്പയും ഇക്കാക്കയും എല്ലാവരും അര്‍ജന്റീന ഫാന്‍സാണെന്നും ആയിഷ പറയുന്നു. മെസിയുടെ ‘എതിരാളി’യായ ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയെയും തനിക്ക് ഏറെ ഇഷ്ടമാണെന്നും ആയിഷ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
സലീമിന്റെയും റഫീനയുടെയും മകളാണ് ആയിഷ ഐഫ. ഷിഫ, സിര്‍ഫാന്‍ മുഹമ്മദ് എന്നിവരാണ് സഹോദരങ്ങള്‍.
ഖത്തര്‍ ലോകകപ്പ് ഫൈനലിന്റെ സ്‌കോര്‍ കിറുകൃത്യമായി പ്രവചിച്ച ആയിഷ ഐഫയ്ക്ക് സ്‌കൂളില്‍ നിന്ന് സമ്മാനം ലഭിച്ചു. കൂടാതെ നടുവണ്ണൂരിലെ വേദിക വെഡ്ഡിങ്‌സും ചില വാര്‍ത്താ ചാനലുകളും ഈ കൊച്ചുമിടുക്കിയ്ക്ക് സമ്മാനങ്ങള്‍ നല്‍കി.