ദേശീയപാതയിൽ അയനിക്കാട് റോഡരികിൽ കക്കൂസ് മാലിന്യം തള്ളി; പ്രതികളെ കണ്ടെത്താൻ സി.സി.ടി.വികളടക്കം പരിശോധിച്ച് നഗരസഭാ അധികൃതർ


പയ്യോളി: ദേശീയപാതയിൽ അയനിക്കാട് റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. അയനിക്കാട് പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിനും കളരിപ്പടിക്കും ഇടയിൽ വടകര ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലാണ് മാലിന്യം തള്ളിയത്.

രാവിലെ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വാർഡ് കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ കെ.ടി.വിനോദും നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾക്ക് നേതൃത്വം നൽകി. മാലിന്യം തള്ളിയ പ്രദേശത്തെ ക്ലോറിനേഷൻ നടത്തുകയും ചെയ്തു.

രാത്രിയുടെ മറവിൽ മാലിന്യം തള്ളി കടന്നുകളഞ്ഞതാണെന്നാണ് സംശയിക്കുന്നത്. കുറ്റക്കാരെ കണ്ടെത്താനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് വാർഡ് കൗൺസിലർ കെ.ടി.വിനോദ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

നഗരസഭ ഹെൽത്ത് പബ്ലിക് ഇൻസ്‌പെക്ടർ ഡി.ആർ.രജനി, വൈ.ബി.പ്രശാന്ത്, സി.ടി.നസീർ എന്നിവർ സ്ഥലത്തെത്തി.