‘മുഖ്യമന്ത്രിയുടെ പാലിയേറ്റീവ് കെയർ ഓൺലൈൻ മീറ്റിങ്‌ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അവഗണിച്ചു’; അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി


വടകര: മുഖ്യമന്ത്രിയുടെ പാലിയേറ്റീവ് കെയര്‍ ഓണ്‍ലൈന്‍ മീറ്റിങ്‌ ആയഞ്ചേരി പഞ്ചായത്ത് അധികൃതര്‍ അവഗണിച്ചതായി പരാതി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമന്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പാലിയേറ്റീവ് മേഖലയിലെ സര്‍ക്കാര്‍ നടപടികളെക്കുറിച്ച് സന്നദ്ധ സംഘടന പ്രതിനിധികളുമായും പ്രവര്‍ത്തകരുമായും ജനപ്രതിനിധികളുമായും സംസാരിക്കാനും അഭിപ്രായങ്ങള്‍ തേടാനുമാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച പകല്‍ 3.30ന് ഓണ്‍ലൈന്‍ മീറ്റിങ്ങ് സംഘടിപ്പിച്ചത്. യോഗ വിവരം തദ്ദേശ വകുപ്പ് ഡയറക്ടര്‍ കേരളത്തിലെ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരെയും 13ന് അറിയിച്ചിരുന്നു.

പഞ്ചായത്ത് പ്രസിഡണ്ട്‌, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍, പാലിയേറ്റീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊല്ലം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും അറിയിപ്പ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മാത്രമല്ല പരിപാടിയില്‍ പങ്കെടുക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ സജ്ജീകരണം ഒരുക്കണമെന്നും തദ്ദേശവകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ആയഞ്ചേരി പഞ്ചായത്ത് അധികൃതര്‍ മീറ്റിങ്ങുമായി ബന്ധപ്പെട്ട് അറിയിക്കുകയോ ഒരുക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് ടി.വി കുഞ്ഞിരാമന്‍ പറയുന്നത്. ആയഞ്ചേരി പഞ്ചായത്തിൽ നിരവധി പാലിയേറ്റിവ് സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അവരെയും വിവരം അറിയിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

ഗുരുതരമായ വീഴ്ചയാണ് പഞ്ചായത്തിൻ്റെ ഭാഗത്തുനിന്നുണ്ടായത്. പാലിയേറ്റിവ് പ്രവർത്തനം പോലുള്ള സുപ്രധാന മേഖലയിൽ പോലും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അലംഭാവവും, അവഗണനയും പ്രതിഷേധാർഹമാണെന്നും, ഈ വിഷയം ഗൗരവമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട്‌ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ജില്ലാ കലക്ടർക്കും, തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടര്‍ക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Description: Ayanchery Gram Panchayat Ignored Chief Minister’s Online Meeting’; complaint