ആയഞ്ചേരി മംഗലാട് വീട് ആക്രമിച്ച കേസ്; അ‍ഞ്ച് പേർ റിമാൻഡിൽ


വടകര: ആയഞ്ചേരി മംഗലാട് വീട് ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ റിമാൻഡിൽ. മംഗലാട് തയ്യിൽ മുഹമ്മദ് , മംഗലാട് പള്ളിക്കുനി സഫീർ, കണ്ണോത്ത് റഫീക്ക് , മഞ്ചങ്കണ്ടി താഴകുനി അസീസ്, തയ്യില്ലത്തിൽ മൊയ്തീൻ ഹാജി എന്നിവരെയാണ് വടകര കോടതി റിമാൻഡ് ചെയ്തത്. ഇതോടെ സംഭവത്തിൽ ആറ് പേർ റിമാൻഡിലായി.

വില്യാപ്പള്ളി പൊൻമേരി പറമ്പിൽ മീത്തലെ അരിയാവുള്ളതിൽ മൂസ ആദ്യം കേസിൽ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കക്കോട്ട് കണ്ടി മോഹൻദാസിൻ്റെ വീടിനു നേരെ ഒരു സംഘം അക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തിൽ വീട്ടുടമ മോഹൻ ദാസ്, ഭാര്യ അജിത, മകൾ ദുർഗ എന്നിവക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.