ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടപ്പെടുത്തിയത് ഒരു കോടി അറുപത് ലക്ഷം രൂപ; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്, ഭരണ സമിതി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു
വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷം സർക്കാറിൽ നിന്ന് ലഭിച്ച വികസന ഫണ്ട്, മെയൻ്റനൻസ് ഫണ്ട് ഇനത്തിൽ 1,60,88,584 രൂപ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയതായ് ഓഡിറ്റ് റിപ്പോർട്ട്. പഞ്ചായത്തിലെ മാലിന്യ സംസ്കരണ മേഖലയാകെ താളം തെറ്റിയതായും റിപ്പോർട്ട് ചുണ്ടിക്കാട്ടി. പഞ്ചായത്ത് ഭരണസമിതി യോഗത്തിൻ്റെ മിനുട്സ് യഥാസമയം തയ്യാറാക്കാത്തതുൾപ്പടെ ഗുരുതരമായ ക്രമക്കേടുകളാണ് ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്ത് വന്നത്.
എം സി എഫ് കെട്ടിടമില്ല, ഖരമാലിന്യ മാനേജ്മെൻ്റ് പ്ലാൻ തയ്യാറാക്കിയില്ല, ഹരിത സേനാംഗങ്ങളുടെ ഒഴിവ് നികത്തിയില്ല, അജൈവ മാലിന്യങ്ങൾ തരം തിരിച്ച് കയറ്റി അയക്കാൻ കഴിയാത്തത് കൊണ്ട് പഞ്ചായത്തിന് വർഷം തോറും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നുണ്ട്. ഏഴായിരത്തിലധികം വീടുകളുള്ള പഞ്ചായത്തിൽ ആയിരം വീടുകൾക്കാണ് ഇത് വരെയായി ഉറവിട മാലിന്യ സംവിധാനം ഏർപ്പെടുത്തിയത്. പൊതുമരാമത്ത് മേഖലയിൽ 3 കോടി 52 ലക്ഷം രൂപ വകയിരുത്തി 82 പ്രൊജക്ടുകൾ തയ്യാറാക്കിയെങ്കിലും 57 ലക്ഷം രൂപയുടെ 12 പ്രൊജക്ടുകൾ മാത്രമേ നടപ്പാക്കിയുള്ളു. അതുപോലെ പഞ്ചായത്തിലെ 19 അങ്കണവാടികളിൽ കുടിവെള്ള സൗകര്യമില്ലെന്നും 6 എണ്ണത്തിന് സ്വന്തമായി കെട്ടിടം ഇല്ലെന്നും വനിതാ ഘടക പദ്ധതിക്കായ് തയ്യാറാക്കിയ പ്രൊജക്ടുകൾ ഒന്നും വനിതകൾക്ക് ഗുണം ചെയ്യുന്നവയെല്ലന്നും ഓഡിറ്റിൽ കണ്ടെത്തി.
പഞ്ചായത്തിൻ്റെ കഴിവുകേടും, കെടുകാര്യസ്ഥതയും ജനങ്ങൾ അറിയുന്നതിന് വേണ്ടി ഓഡിറ്റ് റിപ്പോർട്ട് ഗ്രാമസഭകളിൽ വായിക്കണമെന്ന് എൽ ഡി എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. വർഷംതോറും കോടികൾ ലാപ്സാക്കി ആയഞ്ചേരി പഞ്ചായത്തിൻ്റെ വികസനവും, പുരോഗതിയും തകർത്ത യു.ഡി എഫ് ഭരണസമിതി ജനങ്ങളോട് മാപ്പ് പറഞ്ഞ് ,രാജിവെച്ച് ഇറങ്ങി പോവണമെന്നും എൽ ഡി എഫ് ആവശ്യപ്പെട്ടു. പഞ്ചായത്തിലെ തസ്തികകളിൽ ഒഴിവ് നികത്തപ്പെടാതെ വന്നാൽ ഭരണസമിതിക്ക് ഇൻറവ്വ്യു നടത്തി സ്വന്തമായി നിയമനം നടത്താമെന്ന സർക്കാർ ഉത്തരവുണ്ടായിട്ടും, അതിനു പോലും കഴിയാതെ ജീവനക്കാരില്ല എന്ന കാരണം പറഞ്ഞ് ഭരണപരാജയം മറച്ച് വെക്കാൻ ശ്രമിക്കുകയാണെന്നും എൽ ഡി എഫ് ആരോപിച്ചു. വാർഡ് മെമ്പർമാരായ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, സുധസുരേഷ്, ശ്രീലത എൻ.പി, പ്രബിത അണിയോത്ത്, പി. രവീന്ദ്രൻ,ലിസ പുനയംകോട്ട് എന്നിവർ സംസാരിച്ചു.