മാലിന്യം കുന്നുകൂടി ആയഞ്ചേരി ബസ്റ്റാൻ്റ്; പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി സിപിഐ


ആയഞ്ചേരി : ആയഞ്ചേരി ബസ്റ്റാൻ്റ് മാലിന്യം കുന്നുകൂടുന്നതായി ആരോപണം. ബസ്സ്റ്റാൻ്റ് മാലിന്യങ്ങൾ കൊണ്ട് നിറച്ചത് യു ഡി എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് സിപിഐ. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ബസ്സ്റ്റാൻ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഇക്കാലമത്രയായിട്ടും യു ഡി എഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ആയഞ്ചേരി ടൗണിൻ്റെ ഹൃദയഭാഗത്ത് മാലിന്യങ്ങൾ കൊണ്ട് നിറച്ചിട്ട് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപനം നടത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസ്യവുമാണെന്നും സി പി ഐ ആരോപിച്ചു.

കൂട്ടിയിട്ടിരിക്കുന്ന മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ സി പി ഐ ലോക്കൽ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രക്ഷോഭത്തിൻ്റെ ഭാഗമായി നവംബർ 23 ന് ആയഞ്ചേരി ടൗണിൽ സായാഹ്ന ധർണ്ണ നടത്തും. തുടർന്ന് പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കാനും തീരുമാനമായി . യോ​ഗത്തിൽ പി ടി കെ വിനോദൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ,ലോക്കൽ സെക്രട്ടറി കെ കെ രാജൻ,എൻ എം വിമല, കെ സി രവി, എം അശോകൻ എന്നിവർ സംസാരിച്ചു.

Description: Ayancheri bus stand with garbage heap;CPI ready to organize agitation