യുവ പ്രതിഭകൾക്കും മികച്ച യുവജന ക്ലബ്ബുകള്‍ക്കും പുരസ്ക്കാരം; പേരാമ്പ്ര മേഖലയിലുള്ളവർ അപേക്ഷിക്കേണ്ടത് ഇങ്ങനെ, വിശദാംശങ്ങൾ


പേരാമ്പ്ര: കേരള സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡ് 2022 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുമുളള അവാര്‍ഡിനുമുള്ള അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18 നും 40 നും മധ്യേ പ്രായമുള്ള യുവ ജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം- (പ്രിന്റ് മീഡിയ) , മാധ്യമ പ്രവര്‍ത്തനം- (ദൃശ്യ മാധ്യമം), കല, സാഹിത്യം,കായികം ( പുരുഷന്‍ ), കായികം ( വനിത), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ ഓരോ വ്യക്തിക്ക് വീതം ആകെ 10 പേര്‍ക്കാണ് പുരസ്‌കാരം നല്‍കുക.

പുരസ്‌കാരനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. അതത് മേഖലയുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും, മറ്റൊരു വ്യക്തിയെ നേമിനേറ്റ് ചെയ്യാവുന്നതാണ്. പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000/- രൂപയും പ്രശസ്തി പത്രവും നല്‍കും.

കൂടാതെ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള യൂത്ത് /യുവ/ അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലാതലത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000/രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാ തലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാന തലത്തില്‍ അവാര്‍ഡിനായി പരിഗണിക്കുക. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000/- രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.

അപേക്ഷാ ഫോറവും മാര്‍ഗ നിര്‍ദേശങ്ങളും http://www.ksywb.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂലൈ 25 . അപേക്ഷകള്‍ അയക്കേണ്ട വിലാസം : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം,സിവില്‍സ്റ്റേഷന്‍, ബി – ബ്ലോക്ക്, ആറാം നില, കോഴിക്കോട്. ഫോണ്‍ – 0495-2373371

Summary: Award for Young Talents and Best Youth Clubs