ഇതര സംസ്ഥാന അരികളെ വിട്ടേക്ക്, നാട്ടിലെ അരിയുടെ രുചിയറിയാം; ആവളപ്പാണ്ടി ബ്രാൻഡ് കുത്തരി വിപണിയിൽ


പേരാമ്പ്ര: പേരാമ്പ്രക്കാർക്കിനി ആവളപ്പാണ്ടിയിൽ വിളഞ്ഞ നെല്ലിന്റെ കുത്തരിച്ചോറുണ്ണാം. ആവളപ്പാണ്ടി ബ്രാൻഡ് കുത്തരി വിപണിയിലിറക്കി. മൂന്നര പതിറ്റാണ്ട്‌ തരിശായിക്കിടന്ന 1500 ഏക്കറിലെ ആവളപ്പാണ്ടി പാടശേഖരത്തിൽ വിളഞ്ഞ നെല്ലാണ് കുത്തരിയായി വിപണിയിലെത്തിച്ചത്. ടി പി രാമകൃഷ്ണൻ എംഎൽഎ ആവളപ്പാണ്ടി ബ്രാൻഡ് അരിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ് പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചത്. ചെറുവണ്ണൂർ പഞ്ചായത്തിലെ അയ്യായിരത്തിൽപരം സിപിഎം പ്രവർത്തകർ ഒരു ദിവസത്തെ ശ്രമദാനത്തിലൂടെ പാടം കൃഷി യോഗ്യമാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് കൃഷിയിറക്കൽ ഉദ്ഘാടനംചെയ്‌തത്. തുടർന്ന് മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും വിവിധ പാടശേഖരങ്ങളിൽ ജൈവവളമുപയോഗിച്ച്‌ കൃഷി ആരംഭിച്ചു. ഇതോടെ നെല്ലുൽപ്പാദനവിലും വർധനവുണ്ടായി. കർഷകരിൽ നിന്ന് പേരാമ്പ്രയിലെ സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയാണ്‌ നെല്ല് ശേഖരിച്ച് അരിയാക്കി മാറ്റുകയായിരുന്നു.

സർക്കാർ നിശ്ചയിച്ച താങ്ങുവിലയ്ക്കാണ് സുഭിക്ഷ നെല്ല് ശേഖരിച്ച് കുത്തരിയാക്കി വിപണിയിലെത്തിച്ചത്. കിലോഗ്രാമിന് 60 രൂപയ്‌ക്കാണ്‌ വിൽപ്പന. 250 ഗ്രാം 500 ഗ്രാം ഒരു കിലോഗ്രാം പാക്കറ്റുകളിൽ സുഭിഷ ഹോട്ടൽ ഔട്ട്‌ലെറ്റിൽ ലഭിക്കും. തവിട് നീക്കാത്ത അരിയും ഉടൻ വിപണിയിലെത്തിക്കും.

ചടങ്ങിൽ കെ മുരളീധരൻ എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു, പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രമോദ്, സുഭിക്ഷ ചെയർമാൻ എം കുഞ്ഞമ്മത്, മുൻ എംഎൽഎ എ കെ പത്മനാഭൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ എന്നിവർ സംസാരിച്ചു.

Summary: Avalapandi brand kuthari in the market