‘നമ്മള് കൊയ്യും വയലലെല്ലാം നമ്മുടെ താകും പൈങ്കിളിയേ’, കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ഏറ്റുപാടി; വയല്‍ യാത്രയുമായി ആവള ടി. ഗ്രന്ഥാലയം മഠത്തില്‍ മുക്ക് ബാലവേദി


ആവള: വയലറിവുകള്‍ തേടി കാര്‍ഷിക പാരമ്പര്യത്തെ അടുത്തറിയാനായി തേടി ആവള ടി. ഗ്രന്ഥാലയം മഠത്തില്‍ മുക്ക് ബാലവേദിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വയല്‍ യാത്ര നടത്തി.

കാര്‍ഷിക സംസ്‌കാരത്തിന്റെ ഗതകാല സ്മരണയില്‍ പുത്തനറിവുകള്‍ തേടുക എന്നതാണ് വയല്‍ യാത്രയുടെ ലക്ഷ്യം. സംയോജിത കൃഷിയില്‍ ജില്ലാ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി കാര്‍ഷിക അവാര്‍ഡുകള്‍ നേടിയ കെ.ടി. പത്മനാഭനെ യാത്രയുടെ ഭാഗമായി കുട്ടികള്‍ പൊന്നാടയും പൂച്ചെണ്ടും നല്‍കി ആദരിച്ചു. മാതൃകാ കര്‍ഷകനായ പത്മനാഭന്റെ നെല്‍കൃഷിയും വിവിധയിനം പച്ചക്കറി കൃഷിയും നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ യാത്രയിലൂടെ വിദ്യാര്‍ത്ഥിക്കു സാധിച്ചു.

കൊയ്ത്ത് മെഷീനിന്റെ പ്രവര്‍ത്തന രീതികള്‍ ആദ്യമായി കാണുന്ന വിദ്യാര്‍ത്ഥികള്‍ അതൊരു പുതിയ അനുഭവമായിരുന്നു. കൂടാതെ വലിയുള്ളി, കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, കാപ്സിക്കം, ചോളം, കൊത്തമര, വെള്ളരി, പടവലം, പയര്‍, തക്കാളി, വഴുതിന, വെണ്ട, ചീര, മുളക്, അമര തുടങ്ങി 50ല്‍ പരം പച്ചക്കറി ഇനങ്ങള്‍ മാതൃകാ തോട്ടത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടാന്‍ യാത്രയുടെ ഭാഗമായി സാധിച്ചു.

മണ്ണൊരുക്കലിന്റേയും, ജൈവ കീടനാശിനി പ്രയോഗത്തിന്റേയും ജലസേചനത്തിന്റേയും പുതിയ മാര്‍ഗങ്ങള്‍ കുട്ടികള്‍ കര്‍ഷകനോട് ചോദിച്ചറിഞ്ഞു. കുഞ്ഞുകൈകളില്‍ അരിവാളേന്തി വിദ്യാര്‍ത്ഥികള്‍ നെല്ല് കൊയ്തപ്പോള്‍ ‘നമ്മള് കൊയ്യും വയലലെല്ലാം നമ്മുടെ താകും പൈങ്കിളിയേ’ എന്ന പഴയ വയല്‍പ്പാട്ട് കൊയ്ത്തിനാവേശമേകാന്‍ കുട്ടികള്‍ ഒരുമിച്ചു പാടുകയും രക്ഷിതാക്കള്‍ ഏറ്റു പാടുകയും ചെയ്തു.

വയല്‍യാത്രയ്ക്കും ആദരിക്കല്‍ ചടങ്ങിനും ഇബ്രാഹിം കൊയിലോത്ത്, എ.എം രാജന്‍, നാരായണന്‍ പരക്കോട്ട് സത്യന്‍ചോല, കെ.കെ. ചന്ദ്രന്‍, സി.ബി. സജിത്, വി.കെ. നൗഷാദ്, പി.എം. ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.ടി. പത്മനാഭന്‍ ബാലവേദി വിദ്യാര്‍ത്ഥികളോട് നന്ദിയറിയിച്ചു. സി.കെ. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. ടി.എം. സിന്ധു നന്ദി പറഞ്ഞു.