കാര്‍ യാത്രക്കാര്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ചു; പേരാമ്പ്രയില്‍ പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികള്‍
പേരാമ്പ്ര: ഓട്ടോറിക്ഷാ ഡ്രൈവറെ കാര്‍ യാത്രക്കാര്‍ ആക്രമിച്ച സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 11 മണി വരെ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തിയില്ല.
ഞായറാഴ്ച വൈകീട്ടാണ് കാര്‍ യാത്രക്കാര്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ചത്. ചേനോളി റോഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കൂടിയായ ചേനോളി കോറോത്ത് അന്‍വറിനാണ് മര്‍ദ്ദനമേറ്റത്.
പേരാമ്പ്ര-ചേനോളി റോഡ് തുടങ്ങുന്ന ഭാഗത്താണ് ഓട്ടോകളുടെ പാര്‍ക്കിങ്. ഈ ഭാഗത്ത് റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതിനാല്‍ ഇരുഭാഗത്തുനിന്നും വാഹനങ്ങള്‍ വരുമ്പോള്‍ ഗതാഗത തടസ്സമുണ്ടാകാറുണ്ട്.
ഞായറാഴ്ച വൈകീട്ട് ഗതാഗത തടസ്സമുണ്ടായപ്പോള്‍ വാഹനങ്ങളെ കടത്തിവിടാന്‍ ഇടപെട്ടതായിരുന്നു ഓട്ടോ ഡ്രൈവറായ അന്‍വര്‍. ഇതുസംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായ ഉടനെ കാറിലുണ്ടായിരുന്നവര്‍ അന്‍വറിനെ അക്രമിച്ചെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ അന്‍വര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി.