‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’; ഇനി മുതൽ ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ സർവീസ് നടത്താം, ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ
തിരുവന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ. ഇനി മുതൽ ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ സർവീസ് നടത്താൻ അനുമതി ലഭിക്കും. ഈ തീരുമാനമെടുത്തത് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ്. കണ്ണൂർ മാടായി ഏര്യയിലെ സിഐടിയു ഓട്ടോറിക്ഷ യൂണിയൻ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പെർമിറ്റിൽ ഇളവ് നൽകിയത്.
പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിന്, ഓട്ടോറിക്ഷകൾ സ്റ്റേറ്റ് പെർമിറ്റായി രജിസ്റ്റർ ചെയ്യണം. ‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’ എന്ന രീതിയിലാണ് പുതിയ പെർമിറ്റ് സംവിധാനം മാറുന്നത്. അപകട സാധ്യതകളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് സിഐടിയുവിന്റെ ആവശ്യം അംഗീകരിച്ച് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇതുകൂടാതെ, യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പാക്കണം എന്ന നിബന്ധനയും ഈ പുതിയ വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ, ഓട്ടോറിക്ഷകൾക്ക് ഒരു ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ ദൂരം മാത്രമേ സർവീസ് നടത്താനായിരുന്നുള്ളൂ. ഈ നിയന്ത്രണം, ദീർഘദൂര സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളിൽ അപകട സാധ്യത കൂടുതലായിരിക്കുമെന്ന കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കിയാണ് ഏർപ്പെടുത്തിയിരുന്നത്.