വർഷം 2400 രൂപ അടയ്ക്കണമെന്ന് റെയില്‍വേ; ഉത്തരവ് പിന്‍വലിക്കണമെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, വടകര റെയിൽവേ സ്റ്റേഷനിലെ പാര്‍ക്കിങ് ഫീസിനെതിരെ പ്രതിഷേധം ശക്തം
വടകര: വടകര റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ പാര്‍ക്കിങ് ഫീസ് നടപടിയില്‍ പ്രതിഷേധം ശക്തമാവുന്നു. ഒരു മാസം മുമ്പാണ് ട്രാക്കില്‍ നിര്‍ത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് മൂന്ന് മാസം കൂടുമ്പോള്‍ 599 രൂപ വീതം അടയ്ക്കണമെന്ന ഉത്തരവ് റെയില്‍വേ പുറത്തിറക്കിയത്. മാത്രമല്ല പാര്‍ക്കിങ് ഫീസ് അടയ്ക്കാത്ത ഓട്ടോറിക്ഷകള്‍ റെയില്‍വേ പരിസരത്ത് നിന്ന് യാത്രക്കാരെ കയറ്റിയാല്‍ ഭീമമായ സംഖ്യ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ നിന്നും ഫൈനായി റെയില്‍വേ അധികൃതര്‍ ഈടാക്കുന്നുണ്ടെന്നും പരാതിയുണ്ട്.
ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. റോഡ് ടാക്‌സ് ഇനത്തില്‍ ഒരു വര്‍ഷത്തേക്ക് 500 രൂപയാണ് ഡ്രൈവര്‍മാര്‍ അടയ്ക്കുന്നത്. എന്നാല്‍ റെയില്‍വേയുടെ പാര്‍ക്കിങ് ഫീസ് ഒരു വര്‍ഷത്തേക്ക് കണക്കാക്കുമ്പോള്‍ 2400 രൂപയാണ് അടയ്‌ക്കേണ്ടി വരിക. മാത്രമല്ല 5000രൂപയായി ഫീസ് ഉയര്‍ത്തിയാല്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ചോദിക്കുന്നത്.
ഫീസ് ഉയര്‍ത്തിയതിന് പിന്നാലെ ഉത്തരവ് പിന്‍വലിക്കുകയോ തുക കുറയ്ക്കുകയോ ചെയ്യണമെന്ന് ഡ്രൈവര്‍മാര്‍ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഉത്തരവിനെതിരെ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്നവര്‍ ഓട്ടം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ശേഷം സ്‌റ്റേഷന് പുറത്ത് നിന്ന് ആളുകളെ കയറ്റി സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍ യാത്രക്കാരെ ഇറക്കി തിരിച്ചുവരുമ്പോള്‍ വി.എം പെര്‍മിറ്റുള്ള വണ്ടിക്കാരായ തങ്ങളെ റെയില്‍വേ പരിസരത്ത് വച്ച് യാത്രക്കാരെ കയറ്റുവാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും, പിഴ ഈടാക്കുന്നുണ്ടെന്നുമാണ് ഡ്രൈവര്‍മാര്‍ പരാതി പറയുന്നത്.
മാത്രമല്ല പെര്‍മിറ്റ് ഉള്ള സ്റ്റേഷനിലെ ഓട്ടോറിക്ഷകളില്‍ ദീര്‍ഘദൂരയാത്രക്കാരെയാണ് കൂടുതലായും ഡ്രൈവര്‍ കയറ്റുന്നത് എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാരും മതിയായ വാഹന
സൗകര്യം കിട്ടാതെ വലഞ്ഞിരിക്കുകയാണ്. പ്രശ്‌നത്തില്‍ അധികൃതര്‍ എത്രയും പെട്ടെന്ന് ഇടപെട്ട് പാര്‍ക്കിങ് ഫീസ് പിന്‍വലിക്കണമെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ആവശ്യം.
Description: Autorickshaw drivers protest against parking fee at Vadakara railway station