അരിക്കുളം തറമ്മലങ്ങാടിയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം; ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട ഒരാൾ കൂടി പിടിയിൽ
മേപ്പയ്യൂർ: അരിക്കുളം തറമ്മലങ്ങാടിയിൽവെച്ച് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ക്വട്ടേഷൻ സംഘാംഗം വിയ്യൂർ സ്വദേശി കരിബാലൻകണ്ടി അഭിജിത്താണ് പിടിയിലായത്. ഇന്നലെയാണ് പ്രതിയെ മേപ്പയ്യൂർ പോലിസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇനിയും മൂന്ന് പേർകൂടി പിടിയിലാകാനുണ്ട്. സംഭവത്തിൽ മുഖ്യ സൂത്രധാരനായ കരിമ്പാപൊയിൽ സ്വദേശി ഷാനവാസ് നേരത്തെ പിടിയിലായിരുന്നു. ഇയാൾക്ക് പുറമേ വയനാട് നിരവിൽപുഴ സ്വദേശി റഹീസും കാരയാട് സ്വദേശി വിഷ്ണുവും ഷെഫീക്കും, ആർ.എസ്.എസ് പ്രവർത്തകൻ വിയ്യൂർ സ്വദേശി അഖിൽ ചന്ദ്രനും കേസിൽ പിടിയിലായിരുന്നു.

2024 സെപ്റ്റംബർ 12ന് രാത്രി ഏഴുമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടുവണ്ണൂരിൽ നിന്നും ഓട്ടം വിളിച്ചതുപ്രകാരം അരിക്കുളം തറമ്മലങ്ങാടി മൂലക്കൽ താഴെ യാത്രക്കാരനുമായെത്തിയതായിരുന്നു ഓട്ടോ ഡ്രൈവറായ മിഥുൻ. ആളെ ഇറക്കി തിരിച്ചുപോകാൻ നേരം വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം മിഥുനെ ആക്രമിക്കുകയായിരുന്നു. കമ്പിവടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഓട്ടോയുടെ ഗ്ലാസ് തകർക്കുകയും ചെയ്തിരുന്നു.
ഷാനവാസിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വഞ്ചന കേസുകൾ നിലവിലുണ്ട്. നടവണ്ണൂരിലെ സോമസുന്ദരൻ എന്നയാളിൽ നിന്നും 55ലക്ഷം രൂപ പണം തിരികെ കിട്ടാനായി മിഥുനുൾപ്പെടെയുള്ളവർ ഇടപെട്ടിരുന്നു. ഇതിനായി ഷാനവാസിന്റെ വീട്ടിലെത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ.
മേപ്പയ്യൂർ പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിന് സഹായകരമായത്. മേപ്പയ്യൂർ സി.ഐ. ഇ.കെ.ഷിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ വിനീത് വിജയൻ, എസ്.സി.പി.ഒ അനുജിത്ത്, സി.പി.ഒമാരായ സുമേഷ്, ഷിനു, സന്തോഷ്, രാജു ജയേഷ് എന്നിവർ അന്വേഷണത്തിൽ പങ്കാളികളായി.