മാഹിയിലേക്ക് പെട്രോൾ നിറയ്ക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; പുതുച്ചേരി സംസ്ഥാനത്ത് ഇന്ധന വില വർധിപ്പിച്ചു


മാഹി: വില കുറവാണെന്ന് കരുതി മാഹിയിലേക്ക് ഇന്ധനം നിറയ്ക്കാൻ പോകുന്നവർ ശ്രദ്ധിക്കുക.പുതുച്ചേരി സംസ്ഥാനത്ത് ഇന്ധനികുതി വർധിപ്പിച്ചു. ഇതേ തുടർന്ന് മാഹി, പള്ളൂർ, പന്തക്കൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇന്ധന വില കൂടും. പെട്രോളിനുള്ള 13.32 ശതമാനം നികുതി 15.74 ശതമാനമായും ഡീസലിന്റേത് 6.91 ൽ നിന്ന് 9.52 ശതമാനവുമായാണ് കൂട്ടിയത്.

നികുതി വർധിപ്പിച്ചതോടെ ലിറ്ററിന് നാലു രൂപയോളം ഇന്ധന വില കൂടും. ജനുവരി ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. നിലവിൽ മാഹിയിലെ പെട്രോൾ വില ലിറ്ററിന് 91.92 രൂപയും ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിൽ പെട്രോൾ വില 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്.