കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയില്‍


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയില്‍. കരിക്കാംകുളം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പൊറ്റമ്മല്‍ തട്ടാര്‍കണ്ടിമീത്തല്‍ ജസ്റ്റിന്‍ സതീഷ് എന്ന സതിയെ ആണ് (41) കസബ പോലീസ് പിടികൂടിയത്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ. ബൈജുവിന്റെ നിര്‍ദേശപ്രകാരം ടൗണ്‍ അസി. കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പ്രതി കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് കറങ്ങി നടക്കാറുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.

ട്രെയിനില്‍ കയറി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ കസബ പേലീസ് സാഹസികമായി പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അക്രമണത്തില്‍ കഴുത്തിന് കുത്തേറ്റ കരിക്കാംകുളം സ്വദേശി അബ്ദുല്‍ റഷീദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.