തിരുവള്ളൂരിലെ ഉപ്പിലാറമല ഇടിച്ച് മണ്ണെടുക്കാന്‍ ശ്രമം; മലയിലേക്കുള്ള റോഡ് നിര്‍മാണം തടഞ്ഞ് നാട്ടുകാര്‍, മണ്ണിടിച്ചില്‍ ഭീഷണിയില്‍ മുന്നൂറോളം കുടുംബം
വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ ഉപ്പിലാറമല ഇടിച്ച് മണ്ണെടുക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. കഴിഞ്ഞ ദിവസങ്ങളിലായി മലയുടെ താഴെ റോഡ് വെട്ടുന്നത് നാട്ടുകാര്‍ തടഞ്ഞു. ദേശീയപാത നവീകരണത്തിന് വേണ്ടിയുള്ള മണ്ണെടുക്കാന്‍ കരാര്‍ കമ്പനിയുടെ പ്രതിനിധികള്‍ അടുത്തിടെ മല സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനാല്‍ പരിസരത്ത് നിന്നും മലയുടെ മുകളിലേക്ക് റോഡ് വെട്ടാന്‍ കമ്പനി തുടങ്ങിയത്.
ഇതോടെ നാട്ടുകാര്‍ പ്രവൃത്തി തടയുകയായിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് കോട്ടപ്പള്ളി വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും റോഡ് വെട്ടുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തു. നിലവില്‍ സ്വകാര്യ വ്യക്തികളുടെ കൈവശമാണ് മല. മണ്ണിടിച്ച് ഇവിടെ വലിയ കെട്ടിടം പണിയാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് നാട്ടുകാരുടെ ആരോപണം.
പഞ്ചായത്തിലെ മീങ്കണ്ടിക്ക് സമീപമാണ് ഉപ്പിലാറമല. കടവത്ത് വയല്‍, കിഴക്കയില്‍ സ്‌ക്കൂള്‍ ഭാഗം, അണിയാരി തുടങ്ങി മൂന്ന് ഭാഗങ്ങള്‍ മലയുടെ താഴെയാണ്. ഇവിടങ്ങളിലെല്ലാം കൂടി മുന്നൂറിലധികം കുടുംബങ്ങളാണ് കഴിയുന്നത്. മലയിടിച്ചാല്‍ വീണ്ടുമൊരു ചൂരല്‍മലയോ മുണ്ടൈക്കെയോ പോലെയോ ഉപ്പിലാറമലയുടെ പ്രദേശങ്ങള്‍ ആവുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
മലയുടെ താഴെയായി രണ്ട് കുടിവെള്ള പദ്ധതികളുണ്ട്. മലയില്‍ നിന്നുള്ള നീര്‍ച്ചാല്‍ കേന്ദ്രമാക്കിയുള്ള കുടിവെള്ള സൗകര്യമാണ് ഒന്ന്. മറ്റൊന്ന് കിഴക്കയില്‍ സ്‌ക്കൂളിന് സമീപമുള്ള കിണറാണ്. മലയിടിച്ചാല്‍ ഈ പ്രദേശങ്ങളിലെ കിണറുകള്‍ വറ്റുന്നതിന് കാരണമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മലയാണ് കിണറുകളിലെ വെള്ളത്തിന്റെ പ്രധാന സ്രോതസ്സ്.
മാത്രമല്ല മലയിലെ മണ്ണെടുത്താന്‍ ശക്തമായ മണ്ണൊലിപ്പ് സംഭവിക്കുമെന്ന പേടിയും നാട്ടുകാര്‍ക്കുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയുടെ ചില ഭാഗങ്ങളില്‍ മണ്ണെടുത്തിരുന്നു. ഇതിന്റെ ചില ഭാഗങ്ങള്‍ ഇടിയാന്‍ പാകത്തിലാണ് നിലവിലുള്ളത്. മാത്രമല്ല ചെറിയ തോതില്‍ മണ്ണിടിച്ചിലും ഈ പ്രദേശത്തുണ്ട്.
നാട്ടുകാരുടെ കൂട്ടായ്മയില്‍ ഉപ്പിലാറമലയിലെ മണ്ണിടിച്ചില്‍ തടയാനായി ഉപ്പിലാറമല സംരക്ഷണ സമിതി എന്ന പേരില്‍ കൂട്ടായ്മ രുപീകരിച്ചിട്ടുണ്ട്. മല ഇടിക്കുന്നതിനെതിരെ നാട്ടുകാരുടെ മുഴുവന്‍ ഒപ്പുകള്‍ ശേഖരിച്ച് ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പരാതി കൊടുക്കാനുള്ള പ്രവൃത്തികള്‍ പ്രദേശത്ത് നടക്കുകയാണെന്ന് ഉപ്പിലാറമല സംരക്ഷണ സമിതി അംഗങ്ങള്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഉപ്പിലാറമല ഇടിച്ച് മണ്ണെടുക്കാനുള്ള ഏതുശ്രമത്തെയും ശക്തമായി എതിർക്കുമെന്നാണ് സംരക്ഷണ സമിതി പറയുന്നത്.
Description: Attempt to take soil by demolishing uppilaramala in Tiruvallur