കാറിൽ വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ച് ചന്ദനം കടത്താൻ ശ്രമം; മലാപ്പറമ്പിൽ 40 കിലോഗ്രാം വരുന്ന ചന്ദനമുട്ടികൾ പിടികൂടി


കോഴിക്കോട്: മലാപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിന് മുൻവശത്ത് വെച്ച് വാട്ടർ അതോറിറ്റി വാടകക്കെടുത്ത് ഓടിക്കുന്ന കാറിൽ നിന്നും ചന്ദനമുട്ടികൾ പിടികൂടി. വാഹനത്തിൽ വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ചാണ് ചന്ദനം കടത്താൻ ശ്രമിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഇന്റലിജൻസ് സെൽ, കോഴിക്കോട് ഫ്‌ലയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും സ്റ്റാഫും ചേർന്ന് നടത്തിയ തിരച്ചിലിൽ 40 കിലോഗ്രാം വരുന്ന ചന്ദനമുട്ടികളാണ് പിടികൂടിയത്. ഒപ്പം ഇവ കടത്താൻ ശ്രമിച്ച ശ്യാമപ്രസാദ് പന്തീരങ്കാവ്, നൗഫൽ, വാഹിദ് മൻസിൽ, നല്ലളം, ഷാജുദ്ദീൻ ഒളവണ്ണ, അനിൽ. സി.ടി വെള്ളൻ പറമ്പിൽ തൊടി പന്തീരങ്കാവ്, മണി പി.എം, പട്ടാമ്പുറത്ത് മീത്തൽ പന്തീരങ്കാവ് എന്നിവരെയും പിടികൂടി. ഇവരിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് നടത്തിയ മറ്റൊരു റെയിഡ് നടത്തിവരികയാണ്.

കോഴിക്കോട് ഫ്‌ലയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസർ എ.പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.പി പ്രശാന്ത്, ആസിഫ്. എ. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുഹമ്മദ് അസ്ലം സി, ദേവാനന്ദ്. എം. ശ്രീനാഥ്. കെ.വി, ലുബൈബ. എൻ. ശ്രീലേഷ് കുമാർ. ഇ.കെ. പ്രബീഷ്. ബി, ഫോറസ്റ്റ് ഡ്രൈവർമാരായ ജിതേഷ്. പി, ജിജീഷ് ടി.കെ എന്നിവരടങ്ങിയ ഫ്‌ലയിംഗ് സ്‌ക്വാഡ് ടീമാണ് ചന്ദനവും പ്രതികളെയും പിടികൂടിയത്. തുടരന്വേഷണത്തിനും മറ്റ് നടപടികൾക്കുമായി പ്രതികൾ, തൊണ്ടിമുതൽ, വാഹനങ്ങൾ എന്നിവ താമരശ്ശേരി റെയിഞ്ച് ഓഫീസർക്ക് കൈമാറി.