അവധി ദിനത്തിന്റെ മറവിൽ അരിക്കുളത്ത് വയൽ മണ്ണിട്ട് നികത്താൻ ശ്രമം; തടഞ്ഞ് വയൽ സംരക്ഷണ സമിതിയും നാട്ടുകാരും


അരിക്കുളം: പഞ്ചായത്തിലെ ആറാം വാർഡിൽ പൊതു അവധി ദിവസം വയൽ നികത്താൻ ശ്രമം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തുളി ചാരി താഴെ വയൽ നികത്താനുള്ള ശ്രമമാണ് വയൽ സംരക്ഷണ സമിതിയും നാട്ടുകാരും ചേർന്നു തടഞ്ഞത്. മണ്ണിനൊപ്പം വീട് പൊളിച്ച അവശിഷ്ടങ്ങളും വയലിലിട്ടത് ശ്രദ്ധയിൽപെട്ട് നാട്ടുകാർ ഇടപെടുകയായിരുന്നു.

തുളി ചാരി താഴെ വയലിൽ 40 സെന്റോളം സ്ഥലം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇതിൽ അഞ്ച് സെന്റോളം സ്ഥലത്താണ് മണ്ണിട്ടത്. വീട് നിർമാണത്തിനു ആവശ്യമായ മണ്ണ് താൽക്കാലികമായി ഇവിടെ ഇടുകയാണ് എന്നാണ് സ്ഥലം ഉടമ പറയുന്നതെന്നും ഇത് യാഥാർ ത്യമല്ലെന്നും നാട്ടുകാർ പറയുന്നു. വയലിനൊപ്പം ജല സമൃദ്ധമായ കുളവും ഇവിടെയുണ്ട്. വയലും ജലസ്രോതസും മണ്ണിട്ട് മൂടുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പ്രദേശവാസികൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മണ്ണിട്ടുനികത്തൽ ശ്രദ്ധയിൽപെട്ട ഉടനെ വിവരം വയൽ സംരക്ഷണ സമിതി അധികാരികളെ അറിയിച്ചു. അടുത്ത ദിവസം സ്ഥലം സന്ദർശിക്കുമെന്നും അവർ അറിയിച്ചു. പഞ്ചായത്ത് അധികൃതരെയും വിവരം ധരിപ്പിച്ചിട്ടുണ്ട്.

Summary: Attempt to fill rice fields with soil