‘കൗൺസിൽ യോഗത്തിനിടെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഡയസിലേക്ക് ഇരച്ചുകയറി’; വടകര നഗരസഭാ ചെയർപേഴ്സനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി ആരോപണം


വടകര: നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ ചെയര്‍പേഴ്‌സനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി ആരോപണം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. 3മണിക്കാണ് നഗരസഭാ ഓഫീസില്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. ഇത് പ്രകാരം യോഗം തുടങ്ങുകയും പ്രതിപക്ഷ നേതാക്കന്മാര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ശേഷം കൗൺസിലിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ചെയര്‍പേഴ്‌സണ്‍ മറുപടി പറയുന്നതിനിടെയാണ് കയ്യേറ്റ ശ്രമം നടന്നത്.

പ്രതിപക്ഷ നേതാവ് അസീസ് മാസ്റ്ററുടെ നേതൃത്വത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സന്റെ ഡയസിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍ മാസ്റ്റര്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഉടന്‍ തന്നെ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എന്‍.കെ പ്രഭാകരന്റെ നേതൃത്വത്തില്‍ ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണ് ചുറ്റും സംരക്ഷണ വലയം തീര്‍ത്തു. ഇതിനിടെ കൗണ്‍സിലര്‍മാരായ ടി.വി ഹരിദാസനും എന്‍.കെ പ്രഭാകരനും സാരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ എൽ.ഡി.എഫ് കൗൺസിൽ പാർട്ടി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വടകര നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ വിളറി പൂണ്ട യുഡിഎഫിന്റെ രാഷ്ട്രീയ കളിയുടെ ഭാഗമാണ് യുഡിഎഫ് കൗൺസിലർമാർ ഇന്ന് കൗൺസിൽ യോഗത്തിൽ നടത്തിയത്. സി.കെ കരിം, എൻ.കെ പ്രഭാകരൻ, കെ.കെ വനജ, പി.സജീവ്‌കുമാർ എന്നിവര്‍ സംസാരിച്ചു.

വടകര ജൂബിലി കുളത്തിന്റെ ഉദ്ഘാടനത്തിന് എംഎല്‍എയുടെ പേര് ശിലാഫലകത്തില്‍ താഴെയായി നല്‍കി, ജില്ലാ കമ്മിറ്റിയിലേക്ക് ചെയര്‍പേഴ്‌സണെ തെരഞ്ഞെടുത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പ്രതിപക്ഷം യോഗത്തില്‍ പ്രധാനമായും ഉന്നയിച്ചത്‌.

Description: Attempt to attack Vadakara Municipality Chairperson