നാദാപുരത്ത്‌ ഓഫീസിൽകയറി അഭിഭാഷകനെ അക്രമിച്ച സംഭവം; ഗൂഡാലോചന അന്വേഷിക്കണമെന്ന്‌ ജനാധിപത്യ വേദി


നാദാപുരം: ജനാധിപത്യ വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും, അഭിഭാഷകനും ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിന് നേരെ നടന്ന ആക്രമണത്തിൽ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ലിനീഷിൻ്റെ ഓഫീസിൽ അതിക്രമിച്ചു കയറി നടന്ന ആക്രമണത്തിന് പിന്നിലുള്ള ഗൂഡാലോചനയെ കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ വേദി ആവശ്യപ്പെട്ടു. കെ.പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് നാദാപുരം കോർട്ട് റോഡിലുള്ള ലിനീഷിന്റെ ഓഫീസിൽക്കയറി എടച്ചേരി സ്വദേശിയായ കണിയാന്റെ പറമ്പത്ത് ആഷിഖ്‌ ആക്രമണം നടത്തിയത്. വടികൊണ്ട് തലയ്ക്കും കഴുത്തിനും അടിക്കുകയായിരുന്നു.

പ്രതിയും പ്രതിയുടെ ഭാര്യയും വേർപെട്ട് താമസിച്ചുവരുകയാണ്. അഭിഭാഷകയായ ഇവരെ ആഷിഖ് ബുദ്ധിമുട്ടിക്കുന്നത് ചോദ്യം ചെയ്തതിനാണ് ലിനീഷിനെ അക്രമിച്ചത്. സംഭവത്തില്‍ ആഷിഖിനെതിരെ വധശ്രമത്തിന് കേസെടുത്തു. അക്രമണത്തിന് ശേഷം പ്രതിയെ സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകരും നാട്ടുകാരും ചേർന്ന്‌ പിടികൂടി പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു.

Description: attack on lawyer; The Janadhipathya Vedhi should investigate the conspiracy