വളയം ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് തകര്‍ത്ത് സാമൂഹ്യവിരുദ്ധര്‍; പൊലീസ് അന്വേഷണമാരംഭിച്ചു


വളയം: വളയം ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. തിങ്കളാഴ്ച രാവിലെ സ്ക്കൂൾ അധികൃതർ എത്തിയപ്പോഴാണ് പ്രധാനാധ്യാപികയുടെ ഓഫീസിനോട് ചേർന്ന ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തനിലയില്‍ കണ്ടത്. ജനല്‍ ചില്ലുകളും എറിഞ്ഞ കല്ലും താഴെ വീണു കിടക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ സ്കൂൾ അധികൃതർ വളയം പൊലീസിൽ പരാതി നൽകി.

വളയം എസ്.ഐ. അനീഷ് വടക്കേടത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ്, വാര്‍ഡ് അംഗം വി.പി.ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്ഥലം സന്ദര്‍ശിച്ചു. അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് പൊലീസ് പ്രതികരിച്ചു.

ഈ അദ്ധ്യയന വർഷത്തിന്‍റെ തുടക്കത്തിലും സ്കൂളിന് നേരെ സമാനമായ രീതിയില്‍ അക്രമം നടന്നിരുന്നു. അന്ന് കമ്പ്യൂട്ടറും കുടിവെള്ള പൈപ്പുകളും ഭക്ഷണ ശാലയും ഉൾപ്പെടെയുള്ളവ നശിപ്പിക്കുകയും സ്ഥലം മലിനമാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. സ്കൂളിന്റെ പലഭാഗങ്ങളിലും സി.സി.ടി.വികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സി.സി.ടി.വി. ഇല്ലാത്ത സ്ഥലങ്ങള്‍ പ്രത്യേകം തിരഞ്ഞെടുത്താണ് സാമൂഹ്യവിരുദ്ധ സംഘം അക്രമം നടത്തുന്നത്.