‘ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല, വിവാഹചിത്രങ്ങൾ ഫോട്ടോഷൂട്ടിന്റെ ഭാഗം’; വിവാഹിതരായി പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയും ആദില നസ്‌റിനും


ചെന്നൈ: ലെസ്ബിയന്‍ ദമ്പതികളായ ആദില നസ്‌റിനും കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയും വിവാഹിതരായി എന്ന് പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് ദമ്പതികൾ. സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഇരുവരും പങ്കുവെച്ച ചിത്രങ്ങൾ കണ്ടാണ് വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. ‘എന്നെന്നേക്കുമായുള്ള നേട്ടം സ്വന്തമാക്കി’ എന്ന അടിക്കുറിപ്പോടെയാണ് മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഫോട്ടോ കണ്ട് ഇരുവരുടേയും വിവാഹം കഴിഞ്ഞെന്ന് തെറ്റിദ്ധരിച്ച് നിരവധി പേര്‍ ആശംസകളുമായി രംഗത്തെത്തിയിരുന്നു. വിവാഹ വസ്ത്രങ്ങലും മാലയും അണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വൈപ്പിനില്‍ നിന്നാണ് ഫോട്ടോകള്‍ എടുത്തത് എന്ന് ആദില പറയുന്നു. മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവർ ഇത് അറിയിച്ചത്.

സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ വീട്ടുകാര്‍ എതിര്‍ത്തിട്ടും നിയമപോരാട്ടത്തിലൂടെ അനുകൂല വിധി നേടി ഇരുവരും മുൻപ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 2022 മേയ് 31 നാണ് ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

കൂട്ടുകാരിയായ ഫാത്തിമ നൂറയ്‌ക്കൊപ്പം ജീവിക്കാന്‍ അനുമതി തേടി ആദില നസ്‌റിന്‍ നേരത്തെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. തന്നോടൊപ്പം താമസിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയെന്നും ഫാത്തിമയെ കാണാനില്ലെന്നും കാണിച്ചായിരുന്നു നസ്‌റിന്‍ പരാതി നല്‍കിയത്. ഇതിന്റ അടിസ്ഥാനത്തില്‍ കോടതി ഇവര്‍ക്ക് ഒന്നിച്ചുജീവിക്കാനുള്ള അനുമതി നല്‍കിയിരുന്നു.

സൗദിയില്‍ പ്ലസ് ടു ക്ലാസ്സില്‍ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് നസ്‌റിനും നൂറയും പ്രണയത്തിലാകുന്നത്. വീട്ടുകാര്‍ വിവരമറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തമ്മില്‍ ബന്ധപ്പെടാന്‍ ശ്രമിക്കില്ലെന്ന വാഗ്ദാനം വീട്ടുകാര്‍ക്ക് നല്‍കുകയും നാട്ടിലെത്തി ഡിഗ്രിപഠനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ ജോലി നേടിയെടുക്കുകയും ചെയ്തു.

നൂറയുടെ കുടുംബം ബന്ധത്തെ കുറിച്ചറിഞ്ഞ ശേഷം നസ്‌റിന് താക്കീത് നല്‍കിയിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും ഇരുവരും സ്‌നേഹബന്ധം തുടരുകയായിരുന്നു. തുടര്‍ന്നാണ് കോഴിക്കോടുള്ള ഒരു സന്നദ്ധസംഘടനയില്‍ ഇരുവരും അഭയം തേടിയത്. പിന്നീട് നസ്‌റിന്റെ വീട്ടിലേക്ക് വന്ന നൂറയെ ബന്ധുക്കള്‍ ബലമായി കൂട്ടിക്കൊണ്ടുപോയതോടെയാണ് ആദില നസ്‌റിന്‍ നിയമസഹായം തേടുന്നത്.

ആഷിഖ് റഹീമിന്റെ നേതൃത്വത്തിലുള്ള വൗടേപ്പ് ഫോട്ടോഗ്രഫി ടീമിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണ് വൈപ്പിനിൽ നടന്നത്.