പൂവിളി, പൂവിളി, പൊന്നോണമായി… അത്തം പിറന്നു,​ ഇനി പത്തുനാൾ മലയാളിക്ക് ആഘോഷക്കാലം; പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി നാടും നാട്ടാരും


ണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം, നാടെങ്ങും പൂവിളിയുയർന്നു. അത്തം മുതൽ തിരുവോണം വരെയുള്ള പത്തുനാൾ ഉത്സവ പ്രതീതിയാണ് മലയാളിക്ക്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയുംപൂവിളികളുമായി ഇന്ന് മുതൽ വീടുകൾ പൂക്കളം കൊണ്ട് അലങ്കരിക്കാൻ തുടങ്ങും. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനായാണ് പ്രജകള്‍ പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം.

പത്തുദിവസം മുറ്റത്തൊരുക്കുന്ന പൂക്കളം… ആദ്യ മൂന്നുനാള്‍ തുമ്പപ്പൂ മാത്രം. ദിവസം ചെല്ലുംതോറും പൂക്കളം വികസിക്കും. ഉത്രാടത്തിന് പരമാവധി വലുപ്പമാകും. പരമ്പരാഗത രീതിപ്രകാരം അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് ഇട്ട് അലങ്കരിക്കുക മാത്രമാണ് ചെയ്യാറ്. പിന്നീടുള്ള ദിവസങ്ങളില്‍ പൂക്കളമൊരുക്കാന്‍ വിവിധതരം പൂക്കളും ഉപയോഗിക്കുന്നു.

ആദ്യകാലങ്ങളിൽ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ശേഖരിച്ച പൂക്കളാണ് ഇട്ടിരുന്നതെങ്കിൽ ഇന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ് വിപണിയിൽ സ്ഥാനം പിടിക്കുന്നത്. മുക്കൂറ്റിയും കാക്കപ്പൂവും തുമ്പപ്പൂവും പറമ്പുകളില്‍ കിട്ടാനില്ല, കാട്ടിലും മേട്ടിലും നടന്നു പൂക്കൾ ശേഖരിച്ച കാലം പലർക്കും മധുരമുള്ള ഓര്‍മ്മകളാണ്. ചാണകം മെഴുകി പൂക്കളം ഇടുന്ന രീതി നന്നേ കുറഞ്ഞുവെങ്കിലും സ്‌നേഹത്തിന്റെ കളങ്ങളിലേക്ക് പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഇങ്ങനെ നിറയുന്നുണ്ട്. പഴമയും ചിട്ടകളും ആചാരങ്ങളും എല്ലാം കാലത്തിനൊപ്പം മാറിയെങ്കിലും ഗൃഹതുരതയുടെ പൂക്കളങ്ങളില്‍ അതെല്ലാം മലയാളിക്കൊപ്പമുണ്ട്.

ഇത്തവണ സെപ്റ്റംബര്‍ ഏഴിന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ എട്ടിനാണ് തിരുവോണം. സെപ്റ്റംബര്‍ ഒന്‍പതിന് മൂന്നാം ഓണമാണ്. നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഇത്തവണ ഒരേ ദിവസമാണ്, സെപ്റ്റംബര്‍ 10-ന്. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇത്തവണ നാലാം ഓണത്തിനും അവധിയായിരിക്കും. പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം അവധിയായിരിക്കും.

കോവിഡ്‌ കവർന്നെടുത്ത രണ്ടുവർഷത്തെ ഓണക്കാലത്തെ തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ്‌ മലയാളികൾ. സെപ്‌തംബർ രണ്ടിന്‌ സ്‌കൂൾ അടയ്‌ക്കുന്നതോടെ കുട്ടികൾ ഓണാഘോഷ തിമിർപ്പിലാകും. മലയാളിയുടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വിപണിയും ഒരുങ്ങിക്കഴിഞ്ഞു. ഓഫറുകളുടെ പെരുമഴക്കാലമെന്ന ബോർഡാണ് കടകളുടെ മുന്നിലെല്ലാം. ഓണക്കാലത്ത് വഴിയോരങ്ങളിലും ചന്തകളിലുമെല്ലാം ജമന്തിയും മല്ലിയും ചെണ്ടുമല്ലിയുമൊക്കെയായി സ്ഥാനമുറപ്പിച്ച കടവടക്കാരാണ് മറ്റൊരു ആകർഷണം. ഓണക്കോടി വാങ്ങിയും സദ്യഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു നാളുകള്‍ ആണ് ഇനി മലയാളിക്ക് വരാനിരിക്കുന്നത്.

അത്തം പത്തോണം വന്നണയുമ്പോള്‍ കഴിഞ്ഞുപോയ പ്രതിസന്ധി കാലത്തിന്റെ തടവറയില്‍ നിന്ന് പുറത്തുവരുന്നതിന്റെ ആവേശത്തില്‍ കൂടിയാണ് മലയാളികള്‍. നാടും നഗരവും ഓണക്കാലത്തിന്റെ ആവേശത്തിലലിഞ്ഞു. അത്തം കറുത്ത് ഓണം വെളുക്കുന്ന നാളിനായുള്ള കാത്തിരിപ്പണ് ഇനി…

 

Summary: atham to begin today. Malayali celebrating onam