കക്കയത്ത് വന്‍ പാറക്കെട്ട് തകര്‍ന്ന് റോഡിലേക്ക് വീണു; ഡാംസൈറ്റ് റോഡില്‍ ഗതാഗതം തടസപ്പെട്ടു


കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിലേയ്ക്ക് പാറക്കെട്ട് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഇതോടെ ഡാം മേഖലയിലേയ്ക്കുള്ള ഗതാഗതം പാടെ നിലച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് കനത്ത മഴയെ തുടര്‍ന്ന് കക്കയം വാലിയ്ക്ക് സമീപമുള്ള റോഡ് ഇടിഞ്ഞ് തകര്‍ന്നിരുന്നു. അതേ സ്ഥലത്തുതന്നെയാണ് റോഡിന് മുകള്‍ ഭാഗത്ത് ഉണ്ടായിരുന്ന വന്‍ പാറക്കെട്ട് തകര്‍ന്ന് റോഡിലേയ്ക്ക് പതിച്ചത്. ഇതിനോട് ചേര്‍ന്നുണ്ടായിരുന്ന മരവും റോഡിലേയ്ക്ക് പതിച്ചു.

റോഡിലേയ്ക്ക് പതിച്ച പാറക്കല്ലുകള്‍ നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. മുമ്പ് റോഡ് ഇടിഞ്ഞ് തകര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടത്തി വരുന്നതിനിടെയാണ് പാറക്കല്ലുകള്‍ തകര്‍ന്ന് വീണത്.

കഴിഞ്ഞ ദിവസമാണ് ഡാം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ആയതിനാല്‍ ഇന്നലെ സന്ദര്‍ശകര്‍ ഇല്ലായിരുന്നുവെന്നാണ് അറിയുന്നത്. ഡാം സൈറ്റില്‍ ഉള്ള കെ.എസ്.ഇ.ബി, വനം ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധിപ്പേര്‍ക്ക് ഇതുവഴി വേണം കക്കയത്തേയ്ക്ക് എത്തിച്ചേരാന്‍.