അഴിയൂർ കുഞ്ഞിപള്ളിയിൽ പഴയ റെയിൽവേ ക്രോസിന് സമീപം റെയിൽവേ അടിപ്പാത വേണം; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ


അഴിയൂർ: കുഞ്ഞിപള്ളിയിൽ പഴയ റെയിൽവേ ക്രോസിന് സമീപം അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകൾ പ്രക്ഷോഭത്തിലേക്ക്. ചിറയിൽപീടിക ഭാഗത്തുള്ളവർക്ക് പ്രൈമറി ഹെൽത്ത് സെൻറർ, ചോമ്പാല പോലീസ് സ്റ്റേഷൻ, വ്യാപാരസ്ഥാപനങ്ങൾ, ചരിത്ര പ്രസിദ്ധമായ മുസ്ലിം ആരാധനാലയം, ദേശീയപാതയിലേക്കുള്ള പ്രവേശനം എന്നിവയ്ക്കെല്ലാം ഏക ആശ്രയമായി ഉപയോഗിക്കുന്ന നടപ്പാത ഇല്ലാതായതോടെ യാത്രാ ദുരിതത്തിലാണ് പ്രദേശവാസികൾ.

ഇവിടം ഉള്ളവർ കാൽനട യാത്ര ചെയ്യാൻവേണ്ടി രണ്ട് റെയിൽപാളങ്ങൾ മുറിച്ചുകടന്നാണ് നിലവിൽ യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് വളരെയധികം അപകടങ്ങൾക്ക് സാധ്യതയുള്ളതാണ്. ജനങ്ങളുടെ വിലപ്പെട്ട ജീവൻ ഭീഷണിയുമാണ്. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് റെയിൽവേ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് റെയിൽവേയുടെ പാലക്കാട് ഡിവിഷണൽ മാനേജരെ നേരിട്ട് കണ്ട് വിഷയം ബോധ്യപ്പെടുത്തുന്നതിനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇതിൻറെ മുന്നോടിയായി ചേർന്ന യോഗം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.ഗിരിജ ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, കെ.കെ ജയചന്ദ്രൻ, റഹീം പുഴക്കൻ പറമ്പത്ത്, പി.ബാബുരാജ് ,എം.പി ബാബു,വി. പി. വികാസ് , സുരേന്ദ്രൻ കെ.എ, കെ.പി ചെറിയകോയ, മുബാസ് കല്ലേരി, പി.എം അശോകൻ, വി.പി പ്രകാശൻ, ടി.ടി പത്മനാഭൻ, കെ.സമ്രം, കെ.പി.പ്രമോദ്, സി. മോഹനൻ എന്നിവർ സംസാരിച്ചു.

Summary: At Azhiyur Kunhipally, a railway underpass is required near the old railway cross; The natives are ready to protest