അശ്വിനി കുമാർ വധക്കേസ്; മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ, വിധി പ്രഖ്യാപിച്ചത് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി


തലശ്ശേരി: കണ്ണൂരിലെ ആർ.എസ്.എസ് നേതാവ് അശ്വിനി കുമാറിനെ കുത്തിക്കൊന്ന കേസിൽ മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ചാവശ്ശേരി സ്വദേശി എം.വി മർഷൂക്കിനെയാണ് 50000 രൂപ പിഴയൊടുക്കാനും ജീവപര്യന്തം തടവിനും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ മൂന്നാം പ്രതിയൊഴികെ മറ്റു പ്രതികളെകോടതി കുറ്റക്കാരല്ലെന്ന് കണ്ട് കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.

2005 മാർച്ച് പത്തിനായിരുന്നു ആ​ർ.​എ​സ്.​എ​സ് നേ​താ​വ് ഇ​രി​ട്ടി കീ​ഴൂ​രി​ലെ അ​ശ്വ​നി കു​മാ​റി​നെ (27) കൊലപ്പെടുത്തിയത്. 10.45ന് ​ക​ണ്ണൂ​രി​ൽ നി​ന്നും പേ​രാ​വൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ്രേ​മ ബ​സ്സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​ശ്വി​നി​കു​മാ​റി​നെ ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ൽ​വെ​ച്ച് ത​ട​ഞ്ഞി​ട്ട് ജീ​പ്പി​ലെ​ത്തി​യ പ്ര​തി​ക​ൾ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. പാ​ര​ല​ൽ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു അ​ശ്വി​നി​കു​മാ​ർ.

2009 ജൂ​ലൈ 31ന് ​കു​റ്റ​പ​ത്രം ന​ൽ​കി. 14 എ​ൻ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യിരുന്നു കേ​സി​ൽ പ്ര​തി​പ്പട്ടികയിലുണ്ടായിരുന്നത്. 2018ലാണ് വിചാരണ ആരംഭിച്ചത്.അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.