പരിചയപ്പെട്ടവരാരും ഒരിക്കലും മറക്കാത്ത മുഖം, വടകരയിലെ ഡ്രൈവർമാരുടെ പ്രിയപ്പെട്ട കണ്ണൻ; വാഹനാപകടത്തിൽ മരിച്ച അശ്വന്തിന്റെ ഓർമ്മയിൽ വിതുമ്പി സുഹൃത്തുക്കൾ


വടകര: കണ്ണൻ പോയെന്ന് ഇത് വരെ വിശ്വസിക്കാനായിട്ടില്ല. കണ്ണനെ പരിചയപ്പെട്ട ആൾക്കാർക്ക് ഒരിക്കലും മറക്കാനാകില്ല. വാഹനാപകടത്തിൽ മരിച്ച അശ്വന്തിനെ കുറിച്ച് പറയുമ്പോൾ സുഹൃത്ത് അതുലിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അശ്വന്തെന്ന് പറഞ്ഞാൽ സ്കൂളിൽ കൂടെ പഠിച്ചവർക്ക് മാത്രമെ അറിയാനാകൂ, കണ്ണെനെന്ന് പറഞ്ഞാൽ നാട്ടിലും വടകരയിലെ ഡ്രൈവർമാരുടെ ഇടയിലും സുപരിചിതനാണ്. പതിനെട്ടാം വയസ്സിൽ ലൈസൻസെടുത്ത് തൊട്ടടുത്ത ദിവസം തന്നെ വടകരയിൽ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങി.

ത്രിലോക് എന്ന ഓട്ടോ വടകരയിൽ പരിചിതമായിരുന്നു. കണ്ണന്റെ അച്ഛനും ഓട്ടോ ഡ്രൈവറായിരുന്നു. വടകര തലശ്ശേരി റൂട്ടിലെ കൃഷ്ണ, ജനപുഷ്പം എന്നീ ബസുകളിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഇടയ്ക്ക് ടൂറിസ്റ്റ് ബസുകളിലും ഡ്രൈവറായി പോയിരുന്നു. ഇപ്പോൾ ഏഴ് മാസത്തോളമായി ചോമ്പാലയിൽ നിന്നും മീൻ ലോറിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നെന്ന് അതുൽ പറഞ്ഞ് നിർത്തി.

ഇന്നലെ രാത്രി 10.30 ഓടെ മാഹി പൂഴിത്തല ഫിഷറീസ് ഓഫീസിന് മുൻഭാഗത്താണ് അപകടം നടന്നത്. അശ്വന്ത് ഓടിച്ച മീൻ ലോറിയും എതിരെ നിന്നും വന്ന പാർസൽ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാൽപ്പയിൽ നിന്നും ചോമ്പാല ഹാർബറിലേക്ക് വരികയായിരുന്നു അശ്വന്ത്. അശ്വന്തിന്റെ സംസ്ക്കാര ച‌ടങ്ങുകൾ രാത്രി പതിനൊന്ന് മണിയോടെ വീട്ടു വളപ്പിൽ നടക്കും.