യുവസംരംഭകരേ ഇതിലേ, അസാഫ് കേരള നിങ്ങളെ കാത്തിരിക്കുന്നു; ഡ്രീംവെസ്റ്റർ 2.0 പദ്ധതിയുടെ ഭാഗമാകാന്‍ ചെയ്യേണ്ടത് ഇത്രമാത്രം


കോഴിക്കോട്‌: കേരളത്തിലെ യുവ സംരംഭകരുടെ വളർച്ചയ്ക്കും പുതിയ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ ‘ഡ്രീംവെസ്റ്റർ 2.0’ സംഘടിപ്പിക്കുന്നു. വിദ്യാർഥികൾക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശില്പശാലകൾ, ഡിസൈൻ തിങ്കിങ് വർക്ഷോപ്, ഐഡിയത്തോൺ മത്സരം എന്നീ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.

എല്ലാ ജില്ലകളിലും രണ്ടു ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന ഏകദിന ശില്പശാലകളിലൂടെ ആശയ രൂപീകരണത്തെക്കുറിച്ചും കേരളത്തിൽ സംരംഭം തുടങ്ങുന്നതിന്റെ ഗുണങ്ങളെ കുറിച്ചും വിശദീകരിക്കും. അതത് ജില്ലകളിലെ താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ആയിരിക്കും ഓരോ ജില്ലയിലും ശില്പശാലകൾ സംഘടിപ്പിക്കുന്നത്.

ആദ്യ ഘട്ട ശില്പശാലകൾക്ക് ശേഷം ആശയങ്ങൾ സമർപ്പിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 3 മുതൽ 5 പേര് അടങ്ങുന്ന ടീമായി ഐഡിയത്തോൺ മത്സരത്തിനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക് വേണ്ടി രണ്ടാം ഘട്ടത്തിൽ ഒരു ഡിസൈൻ തിങ്കിങ് ശിൽപ്പശാല സംഘടിപ്പിക്കും. അവസാനമായി ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ഐഡിയത്തോൺ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 28 ആശയങ്ങൾ സംസ്ഥാന തലത്തിൽ മാറ്റുരയ്ക്കുകയും അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും സാമ്പത്തിക സഹായവും ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

മികച്ച ആശയങ്ങൾ കൈവശമുള്ള പ്രീ ഫൈനൽ, ഫൈനൽ ഇയർ വിദ്യാർത്ഥികൾക്ക് https://connect.asapkerala.gov.in/events/12582 ലിങ്ക് വഴി അപേക്ഷിക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്.

Description: ASAP Kerala and Industrial Development Corporation with Dreamvester 2.0 project