സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ എ.കെ. കൃഷ്ണൻ മാസ്റ്ററുടെ 29ാം ചരമവാർഷികം; ഊരള്ളൂരിൽ സ്മൃതി സംഗമവുമായി കോൺഗ്രസ്
അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും ജന്മിത്വവിരുദ്ധ പോരാളിയുമായിരുന്ന എ.കെ. കൃഷ്ണൻ മാസ്റ്ററുടെ 29ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഊരള്ളൂരിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഫാസിസത്തെ പ്രതിരോധിക്കാൻ മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകമായ എ.കെ. കൃഷ്ണൻ മാസ്റ്ററുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും പിന്തുടരണമെന്നും ബുദ്ധിയും പ്രായോഗികതയും ഒരുമിച്ചു ചേർന്ന അപൂർവ്വ പ്രതിഭയായിരുന്നു അദ്ദേഹമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രവീൺകുമാർ പറഞ്ഞു.
നിസ്വാർത്ഥനായ പൊതുപ്രവർത്തകനും മികച്ച അധ്യാപകനുമായിരുന്ന അദ്ദേഹത്തിൽ നിന്നും പുതിയ തലമുറക്ക് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും പ്രവീൺകുമാർ കൂട്ടിച്ചേർത്തു.
അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശശി ഊട്ടേരി, കെ.പി. രാമചന്ദ്രൻ മാസ്റ്റർ, സി. സുകുമാരൻ മാസ്റ്റർ, കെ.കെ. നാരായണൻ മാസ്റ്റർ, കോട്ടിൽ ഇമ്പിച്ച്യാമ്മദ് മാസ്റ്റർ, കുയ്യേൽ ഖണ്ഡി ശ്രീധരൻ മാസ്റ്റർ, എൻ.പി. ഉണ്ണി മാസ്റ്റർ, ജാനകി ടീച്ചർ, രാജേഷ് കീഴരിയൂർ, സ്വാഗത സംഘം ചെയർമാൻ സത്യൻ തലയഞ്ചേരി, കൺവീനർ സുമേഷ് സുധർമൻ, ട്രഷറർ ടി.ടി. ശങ്കരൻ നായർ, ചിത്ര സി. പൂത്തൂർ, ഇ.കെ. ഭാസ്കരൻ, സി. രാമദാസ് എന്നിവർ പ്രസംഗിച്ചു.