ഔപചാരിക വിദ്യാഭ്യാസം നേടാനായില്ലേ? നിങ്ങൾക്കായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; കൂരാച്ചുണ്ടില്‍ വാര്‍ഡ് സമിതികള്‍ സര്‍വ്വേ നടത്തും
കൂരാച്ചുണ്ട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക സാക്ഷരതാ – തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബര്‍ രണ്ടിന് നിരക്ഷരരെ കണ്ടെത്താന്‍ പഞ്ചായത്തില്‍ സര്‍വേ നടത്തും. വാര്‍ഡ് സമിതികള്‍ രൂപീകരിച്ച് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി നിരക്ഷരരെ കണ്ടെത്താനാണ് തീരുമാനം.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പലവിധ കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസത്തിന് കഴിയാതെ വന്ന മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാക്ഷരതാ മിഷന്‍ പരിഷ്‌കരിച്ച് തയ്യാറാക്കിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരിക്കും ക്ലാസുകള്‍. 120 മണിക്കൂറായിരിക്കും ക്ലാസ്സുകളുടെ ദൈര്‍ഘ്യം. അടിസ്ഥാന സാക്ഷരതയും ഗണിതം, ജീവിത നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനം, തുടര്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ക്ലാസുകള്‍. ജില്ലയിലെ 7000 പേരെയാണ് പദ്ധതിയുടെ ഭാഗമായി സാക്ഷരരാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷ വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ അമ്മത് ജില്ലാ സാക്ഷരതാ മിഷന്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് ബാലചന്ദ്രന്‍ വി.എം, സാക്ഷരത മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ മോഹനന്‍ കെ, റിസോഴ്‌സ് പേഴ്‌സണ്‍ ഈപ്പന്‍ പി.ജെ, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക വിജയന്‍, ഹരിത കര്‍മ്മ സേന കോഡിനേറ്റര്‍ ബിജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിമിലി ബിജു സ്വാഗതവും സാക്ഷരത സമിതി അംഗം ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.