ചുരം കയറാതെയിനി വയനാട്ടിലെത്താം, താമരശ്ശേരി ചുരത്തിനു ബദലായി ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതാ യാഥാര്‍ഥ്യമാകുന്നു; പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നോര്‍വേ സംഘം


താമരശ്ശേരി: താമരശ്ശേരി ചുരത്തിനു ബദലായി തുരങ്കപാത നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി പ്രദേശം നോര്‍വേ സംഘം സന്ദര്‍ശിച്ചു. നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഡൊമിനിക് ലാങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആനക്കാംപൊയില്‍ മറിപ്പുഴയിലെത്തിയത്. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതാ നിര്‍മാണത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിന് മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാരും നോര്‍വേയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു.

തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍നിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയില്‍ എത്തുന്ന തരത്തിലാണ് പുതിയ തുരങ്കപാത നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്. തുരങ്കപാത നിര്‍മാണത്തിന് ആവശ്യമായ സാങ്കേതികവിദ്യ കൈമാറാന്‍ നേരത്തെ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോര്‍വേ സംഘം മറിപ്പുഴയിലെത്തിയത്.

ഏറ്റവും അനുയോജ്യമായ പദ്ധതിയാണിതെന്നും തുടര്‍നടപടികള്‍ സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോമിനിക് ലാങ് പറഞ്ഞു.

16 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയാണ് വയനാട് ചുരത്തിന് ബദലായി നിര്‍മിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയാകും ആനക്കാംപൊയില്‍-കള്ളാടി പാത.

summary: as an alternative to the Thamarassery pass, the tunnel. Norway team visited the site